| Thursday, 10th March 2022, 5:39 pm

സൂര്യയുടെ ആക്ഷനും വിനയ് റായിയുടെ വില്ലത്തരവും; എതിര്‍ക്കും തുനിന്തവന്‍ പ്രേക്ഷക പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയുടെ എതിര്‍ക്കും തുനിന്തവന്‍ മാര്‍ച്ച് 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ പല തിയേറ്ററുകളും ചിത്രത്തിനായി എക്‌സ്ട്രാ ഷോകള്‍ വെക്കുകയാണ്.

സൂര്യയുടെ അഭിനയം എപ്പോഴത്തേയും പോലെ മികച്ചതായെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇമോഷ്ണല്‍ എലമെന്റ്‌സും മാസും ഒരു പോലെ വര്‍ക്ക് ചെയ്തു. സാധാരണഗതിയിലുള്ള ഫസ്റ്റ് ഹാഫും കാറ്റ് ആന്‍ഡ് മൗസ് സ്റ്റൈലിലുള്ള സെക്കന്റ് ഹാഫും ക്ലൈമാക്‌സും തൃപ്തിപ്പെടുത്തിയെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

പാണ്ഡിരാജിന്റെ സംവിധാനത്തിനും അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്. ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന രീതിയിലാണ് ചിത്രം വന്നതെങ്കിലും സ്ത്രീകളേയും യുവാക്കളേയും ചിത്രം തൃപ്തിപ്പെടുത്തുന്നു എന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. ഫസ്റ്റ് ഹാഫിലെ കോമഡിയും റൊമാന്‍സും വര്‍ക്ക് ചെയ്തു.

സൂര്യയുടെ ആക്ഷന്‍ സീനുകളും വില്ലന്‍ വേഷത്തിലെത്തിയ വിനയ് റായിയുടെ പ്രകടനവുമാണ് ചിത്രത്തിന്റെ പോസിറ്റീവ് വശങ്ങളായി പ്രേക്ഷകര്‍ എടുത്തു കാണിക്കുന്നത്.

എന്നാല്‍ ചിത്രത്തിന് വിമര്‍ശനവും ഉയരുന്നുണ്ട്. രക്ഷകന്‍ ട്രാക്കിലേക്കുള്ള സൂര്യയുടെ കാല്‍വെപ്പായ ചിത്രത്തിന്റെ തിരക്കഥയില്‍ പോരായ്മകളുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

പാണ്ഡിരാജ് ഒരുക്കിയ ചിത്രത്തില്‍ മസാല വേറെയും സ്റ്റോറി വേറെയുമായി പോകുന്നൊരു അനുഭവമാണ് ലഭിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നു.

പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ‘എതര്‍ക്കും തുനിന്തവന്‍’ ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ എന്നവിയാണ് പാണ്ടിരാജിന്റെ മുന്‍ചിത്രങ്ങള്‍.

വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം. എസ്. ഭാസ്‌കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്‌നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.


Content Highlight: ethirkkum thuninthavan audience responses

We use cookies to give you the best possible experience. Learn more