അഡിസ് അബാബ: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് തുടര്‍ന്ന് ഭരണകൂടം. വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസിന്റെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ ആമിര്‍ അമന്‍ കിയരൊയെയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്.
വീഡിയോ ജേര്‍ണലിസ്റ്റായ ആമിറിനെ എത്യോപ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത വിവരം അമേരിക്കന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. രാജ്യതലസ്ഥാനമായ അഡിസ് അബാബയില്‍ വെച്ച് തന്നെയായിരുന്നു ആമിറിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിങ്ങിനിടെ ഇക്കഴിഞ്ഞ നവംബര്‍ 28നായിരുന്നു ആമിറിനെ അറസ്റ്റ് ചെയ്തത്. അടിയന്തരമായി ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് അസോസിയേറ്റഡ് പ്രസ് ബുധനാഴ്ച എത്യോപ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായതായാണ് വിവരം. അടിയന്തരാവസ്ഥാ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സും മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരും മറ്റും കടുത്ത നിയന്ത്രണങ്ങളാണ് നേരിടുന്നത്. സംശയം തോന്നുന്നവരെ വിചാരണ കൂടാതെ അറസ്റ്റ് ചെയ്ത് തടവിലിടാനും വാറന്റില്ലാതെ വീടുകള്‍ പരിശോധിക്കാനും എമര്‍ജന്‍സി സ്‌റ്റേറ്റ് അനുവദിക്കുന്നുണ്ട്.
കഴിഞ്ഞ മാസമായിരുന്നു അബി അഹ്‌മദിന്റെ സര്‍ക്കാര്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആറ് മാസത്തേയ്ക്കാണ് എമര്‍ജന്‍സിക്ക് കാലാവധിയുള്ളത്.
13 മാസമായി ആഭ്യന്തരയുദ്ധത്തിലൂടെയാണ് എത്യോപ്യ കടന്നുപോകുന്നത്. 2020 നവംബറില്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ ആയിരക്കണക്കിന് പേര്‍ മരിക്കുകയും ലക്ഷങ്ങള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ ടീഗ്രെ പ്രവിശ്യയിലുള്ള വിമത ഗ്രൂപ്പ് ടീഗ്രെ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ടിനെ (ടി.പി.എല്‍.എഫ്) അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി അബി അഹ്‌മദ് സേനയെ നിയോഗിച്ചതോടെയായിരുന്നു രാജ്യത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടക്കത്തിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നീട് അക്രമത്തിലേക്ക് നയിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ethiopian police arrested freelance video journalist working for The Associated Press