|

'പാർലമെന്റ് എത്തിക്സ് കമ്മിറ്റി പരാതിക്കാരുടെ പക്ഷം പിടിക്കുന്നു'; ക്ഷുഭിതരായി ഇറങ്ങിപ്പോയി മഹുവയും പ്രതിപക്ഷവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ തൃണമൂൽ കോൺഗ്രസ്‌ എം.പി മഹുവ മൊയ്ത്രയോട് മാന്യതയില്ലാത്ത ചോദ്യങ്ങൾ ചോദിച്ചുവെന്ന് ആരോപണം.

മുൻകൂട്ടി എഴുതി തയ്യാറാക്കിയ ചോദ്യങ്ങളാണ് മഹുവയോട് ചോദിച്ചതെന്ന് പ്രതിപക്ഷ എം.പിമാർ ആരോപിച്ചു.

രാവിലെ മഹുവക്ക് പറയാനുള്ളത് കേട്ട എത്തിക്സ് കമ്മിറ്റി ഉച്ചക്ക് ശേഷമാണ് മഹുവയോട് ചോദ്യങ്ങൾ ചോദിച്ചത്.

പാർലമെന്റ് എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാർ ഒരു വനിതാ എം.പിയോട് ചോദിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും എത്തിക്സ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ എം.പിമാർ ആരോപിച്ചു.

തുടർന്ന് പ്രതിപക്ഷ എം.പിമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

പരാതിക്കാർക്കൊപ്പം പക്ഷം ചേർന്ന് കൊണ്ടുള്ള സമീപനമാണ് കമ്മിറ്റി സ്വീകരിക്കുന്നത് എന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു.

മഹുവക്ക് പറയാനുള്ളത് കേൾക്കാനല്ല മറിച്ച് നേരത്തെ നിശ്ചയിച്ച് എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിക്കാനാണ് തിടുക്കം എന്നും ആരോപണമുണ്ട്. കമ്മിറ്റിക്ക് മുമ്പാകെ ക്ഷുഭിതയായി മഹുവയും ഇറങ്ങിപ്പോയെന്ന് റിപ്പോർട്ടുകളുണ്ട്.

പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുവാൻ ബിസിനസുകാരനായ ദർശൻ ഹിരനന്ദാനി മഹുവക്ക് പണം നൽകിയെന്നും പാർലമെന്റ് ലോഗിൻ ഐ.ഡിയും പാസ്വേഡും നൽകിയെന്നുമാണ് മഹുവക്കെതിരെയുള്ള ആരോപണം.

Content Highlight: Ethics committee is biased in Cash for Query row; Mahua and Opposition MPs left meeting

Latest Stories