| Friday, 5th November 2021, 12:48 pm

സ്വവര്‍ഗാനുരാഗം ഇവിടെ വേണ്ട; മാര്‍വെല്‍ എറ്റേണല്‍സിനെ വിലക്കി സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മാര്‍വെല്‍സിന്റെ സൂപ്പര്‍ഹീറോ ചിത്രം ‘എറ്റേണല്‍’സിന് പ്രദര്‍ശനാനുമതി നിഷേധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ചിത്രത്തില്‍ സ്വവര്‍ഗാനുരാഗം കാണിക്കുന്നു എന്നാരോപിച്ചാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളുടെയെല്ലാം സിനിമാ വെബ്‌സൈറ്റുകളില്‍ നിന്നും എറ്റേണല്‍സിനെ കുറിച്ചുള്ള എല്ലാ വാര്‍ത്തകളും ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍, യു.എ.ഇ ഇതുവരെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. യു.എ.ഇയുടെ സിനിമാ വെബ്‌സൈറ്റുകളില്‍ ഇപ്പോഴും, ‘കംമിംഗ് സൂണ്‍’ കാറ്റഗറിയില്‍ എറ്റേണല്‍സ് ഉണ്ട്.

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ആദ്യമായാണ് തങ്ങളുടെ ചിത്രത്തില്‍ ഗേ സൂപ്പര്‍താരങ്ങളെ കഥാപാത്രങ്ങളായി ഉള്‍പ്പെടുത്തുന്നത്. നടന്‍ ഹാസ് സ്ലെയ്മന്‍, ബ്രിയന്‍ ടെയ്‌റീ ഹെന്റി എന്നിവരാണ് എറ്റെര്‍ണല്‍സിലെ ഗേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണയായി ചിത്രത്തിലെ ലൈംഗിക ദൃശ്യങ്ങള്‍ പലതും സെന്‍സര്‍ ചെയ്യപ്പെടാറുണ്ട്. എല്‍.ജി.ബി.ടി.ക്യു ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് ഭരണകൂടത്തിന്റെ ഈ തീരുമാനമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബര്‍ 11നാണ് ചിത്രം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പുറത്തിറങ്ങുന്നത്. ഷോലേ സാഹോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗെമ്മ ചാന്‍, റിച്ചാര്‍ഡ് മാഡന്‍, കുമൈനല്‍ നാന്‍ജീനി, ഹരീഷ് പട്ടേല്‍, ലിയ മക്ഹ്വാ, ആഞ്ജലീന ജൂലി എന്നിവരാണ് പ്രധാന കളാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ സ്വവര്‍ഗ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡുകള്‍ ഡിസ്‌നിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഡിസ്‌നി അതിന് തയ്യാറാവുകയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

എറ്റേര്‍ണല്‍സില്‍ ഗേ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയ ഡിസ്‌നിയുടെ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഗേ സീനുകള്‍ ഒഴിവാക്കുന്നത് വ്യാപക വിമര്‍ശനത്തിനിടയാകാനും സാധ്യതയുണ്ട്.

ചിത്രത്തിനന്റെ വിലക്കിനോട് ഡിസിനി യൂണിവേഴ്‌സോ മാര്‍വെല്‍ സ്റ്റുഡിയോയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, ഡി.സി കോമിക്‌സ് തങ്ങളുടെ സൂപ്പര്‍ ഹീറോയായ സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ചിരുന്നു. ‘സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ എല്‍’ അഞ്ചാം പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുന്നത്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകനായ ജോണ്‍ കെന്റാണ് ഇതില്‍ സൂപ്പര്‍മാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ‘Eternals’ Pulled From Saudi Arabia, Qatar and Kuwait in Apparent Ban

We use cookies to give you the best possible experience. Learn more