| Friday, 31st May 2019, 10:47 pm

ഇനി നിയമസഭയുടെ പടി പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി.സി ജോര്‍ജ് കാണില്ല; മുസ്‌ലീം വിരുദ്ധ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട ഇമാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈരാറ്റുപേട്ട: മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി. എന്‍.ഡി.എയിലേക്ക് കൂറുമാറാന്‍ തയ്യാറെടുക്കുന്ന പി.സി ജോര്‍ജിനോട് പ്രതിഷേധമറിയിക്കാന്‍ വിളിച്ചയാളോട് മുസ്‌ലീങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നും ഈരാറ്റുപേട്ടയിലെ മുസ്‌ലീങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് മൗലവി പി.സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചത്.

‘ഇവിടുത്തെ ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാട്ടുപേട്ടക്കാര്‍. ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള് കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി.സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’, മൗലവി പറയുന്നു.

1980 മുതല്‍ മുസ്‌ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരുഭാഗത്ത് പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി കാല് വാരുകയും ചെയ്യുന്ന പി.സിയുമായി സന്ധിസംഭാഷണത്തിനില്ലെന്ന് മൗലവി പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. പി.സി ജോര്‍ജ് മുസ്‌ലീം സമുദായത്തെ വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുത്തെന്നും മൗലവി പറയുന്നുണ്ട്.

ആരെങ്കിലും ഇനി പി.സി ജോര്‍ജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോള്‍ കൂടിനിന്നവര്‍ ഇല്ലെന്ന് വിളിച്ചു പറയുന്നതും പ്രസംഗത്തിന്റെ വീഡിയോയില്‍ വ്യക്തമാണ്.

ഫോണ്‍സംഭാഷണത്തിനിടെ മുസ്‌ലീംങ്ങളെക്കുറിച്ച് അസഭ്യവാക്കുകളുപയോഗിച്ചാണ് പിസി ജോര്‍ജ് സംസാരിച്ചത്. തുടര്‍ന്ന് ഇത് വിവാദമാവുകയായിരുന്നു. പൂഞ്ഞാറില്‍ മുസ്‌ലീം വോട്ട് പതിനായിരത്തില്‍ താഴെയാണെന്നും തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മതിയെന്നും സംഭാഷണത്തില്‍ ഇദ്ദേഹം പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more