ശ്രീനഗര്‍: Et tu #Karnataka കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിക്കാന്‍ ഷേക്‌സ്പിയറുടെ ജൂലിയസ് സീസറില്‍ നിന്നുള്ള വാക്കുകള്‍ കടമെടുത്ത് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.
പൂര്‍ണ്ണമായും വോട്ടെണ്ണല്‍ കഴിഞ്ഞിട്ടില്ലാത്ത കര്‍ണാടകയില്‍ ബി.ജെ.പി 104 സീറ്റുകളിലും കോണ്‍ഗ്രസ് 78 സീറ്റിലും ജെ.ഡി.എസ് 37 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ഇതിനിടെ ജെ.ഡി.എസ്സുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗവര്‍ണറെ കാണാനുള്ള അനുമതി നിഷേധിച്ചു. ഗവര്‍ണറുടെ വസതിക്ക് മുന്നിലെത്തിയ ജി.പരമേശ്വര രാജ് ഭവനില്‍ പ്രവേശിക്കാന്‍ കാത്ത് നില്‍ക്കുകയും അനുമതി കിട്ടാത്തതിനാല്‍ ഗേറ്റിന് മുന്നില്‍ വെച്ച് മടങ്ങിപ്പോവുകയും ചെയ്തു. അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കാന്‍ കോണ്‍ഗ്രസിനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.
14 മന്ത്രിസ്ഥാനങ്ങള്‍ ജെ.ഡി.എസിന് ; ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന്; ധാരണകള്‍ ഇങ്ങനെ
ആലോചനകള്‍ പ്രകാരം ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.
അതേസമയം വിലപേശലിന് ഒരുങ്ങി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയും പ്രകാശ് ജാവേദ്ക്കറും കര്‍ണാടകയ്ക്ക് തിരിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഇരുവരും കര്‍ണാടകയിലെത്തുന്നതത്.