| Friday, 10th June 2022, 7:45 am

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് വേട്ടയാടിയവരെ കാണാനെത്തിയ ഇ.ടി. മുഹമ്മദ് ബഷീറിനെയും സംഘത്തേയും തിരിച്ചയച്ച് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് വേട്ടയാടിയവരെ കാണാനെത്തിയ മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെയും സംഘത്തെയും തിരിച്ചയച്ച് യു.പി പൊലീസ്. എം.പി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

‘പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ കാണാന്‍ കാണ്‍പൂരിലെത്തി, എന്നാല്‍ ഈ അര്‍ധരാത്രി യു.പി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ തടഞ്ഞിരിക്കുരകയാണ്, അതിനെത്തുടര്‍ന്ന് ഞങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു, എന്നിട്ടും യു.പി പൊലീസ് വഴങ്ങാന്‍ തയ്യാറായില്ല.

ഇപ്പോള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് തല്‍ക്കാലം ദല്‍ഹിയിലേക്ക് മടങ്ങുകയാണ്. യു.പി പൊലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും,’ ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

പ്രവാചകനെ പരിഹസിച്ചുള്ള ബി.ജെ.പി നേതാവിന്റെ പ്രസംഗത്തിന് പിന്നാലെ പ്രതിഷേധച്ചവരെയാണ്
കാണ്‍പൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സംഭവത്തില്‍ 36 പേര്‍ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

അതേസമയം, പ്രവാചക നിന്ദാ പ്രസ്താവന, പ്രവാചക നിന്ദയിലെ പ്രതിഷേധം, ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടവര്‍ തുടങ്ങി ദല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിരവധി എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

മാധ്യമപ്രവര്‍ത്തക സബ നഖ്‌വിയും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും അടക്കം 32 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ട് എഫ്.ഐ.ആറുകളാണ് ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിരുന്നത്. യു.പി പൊലീസും സമാന കേസുകളെടുത്തിരുന്നു.

അതേസമയം, പ്രവാചക നിന്ദയെ തുടര്‍ന്നുള്ള അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മതവിദ്വേഷം നടത്തുന്ന സംഘപരിവാര്‍ പ്രൊഫൈലുകള്‍ക്കെതിരെ കേസെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായിരുന്നു. ഇതിന്റെ ബാലന്‍സിംഗായിട്ടാണ് പ്രതിഷേധക്കാര്‍ക്കെതിരെയും കേസെടുത്തതെന്ന വിമര്‍ശനവും ഇതിനോടകം ഉയരുന്നുണ്ട്.

CONTENT HIGHTS:  ET t Mohammad Bashir and his gang  UP police deport who came to see the hunters for protesting against the blasphemy of the Prophet.

We use cookies to give you the best possible experience. Learn more