ഇരുപത്തിയേഴ് സെന്റ് ഭൂമിയും വീടും മാത്രമാണ് എന്റെ സമ്പാദ്യം: അതിന്റെ മൂല്യം വര്‍ധിച്ചെന്നു മാത്രം: എം.പിയായശേഷം സമ്പാദ്യം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ഇ.ടി മുഹമ്മദ് ബഷീര്‍
Kerala News
ഇരുപത്തിയേഴ് സെന്റ് ഭൂമിയും വീടും മാത്രമാണ് എന്റെ സമ്പാദ്യം: അതിന്റെ മൂല്യം വര്‍ധിച്ചെന്നു മാത്രം: എം.പിയായശേഷം സമ്പാദ്യം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ഇ.ടി മുഹമ്മദ് ബഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2019, 11:56 am

 

മലപ്പുറം: രണ്ടാംതവണയും എം.പിയായശേഷം സമ്പാദ്യം കുത്തനെ ഉയര്‍ന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍. 2009നുശേഷം തന്റെ സ്വത്തുക്കളില്‍ ഒരു വര്‍ധനവുമുണ്ടായിട്ടില്ലെന്നും വര്‍ഷം കഴിയുന്നത് അനുസരിച്ച് മൂല്യം മാത്രമാണ് വര്‍ധിച്ചതെന്നുമാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണം.

“2009 ല്‍ ഞാന്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ അഫിഡവിറ്റില്‍ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014 ലും 2019 ലും എന്റെ ആസ്തി. പത്തുവര്‍ഷത്തിനിപ്പുറം എല്ലാവരുടേതും പോലെ എന്റെ കിടപ്പാടത്തിന്റെ മൂല്യം കൂടിയിട്ടുണ്ടങ്കില്‍ അത് ഈ തിരഞ്ഞെടുപ്പിലും ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ബോധ്യപ്പെടുത്തും. ഇങ്ങനെയൊരു വാര്‍ത്തയുടെ കൂടെ ചേര്‍ക്കുന്ന പാര്‍ലിമെന്റ് രേഖയില്‍ വന്ന വരുമാന
വര്‍ധനവ് എന്ന പരാമര്‍ശത്തിന്ന് ഒരു പക്ഷെ കാരണമായതില്‍ ഒരു ഉദാഹരണം 2009ല്‍ സത്യവാങ്മൂലത്തില്‍ എന്റെ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു.

ഇതേ വസ്തുവിന്ന് 2014 ല്‍ കാണിച്ച മൂല്യം ഇരുപത് ലക്ഷമാണ് അതായത് രണ്ടായിരം ശതമാനം വര്‍ദ്ധനവ്. മാത്രമല്ല 120 മാസം പാര്‍ലിമെന്റ് അംഗമായ എനിക്ക് ലഭിക്കുന്ന വേദനം തന്നെ ആരോപിക്കുന്ന തുകയില്‍ അധികം വരും.” അദ്ദേഹം പറയുന്നു.

Also read:ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ സുരേന്ദ്രന്‍: എം.ടി രമേഷിനേയും കൃഷ്ണദാസിനേയും വെട്ടി ബി.ജെ.പി പട്ടിക

രണ്ടാം തവണയും എം.പിയായശേഷം ഇ.ടി മുഹമ്മദിന്റെ സമ്പാദ്യത്തില്‍ 2018% വര്‍ധനവുണ്ടായെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുതവണയായി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലം ഉള്‍പ്പെടെ നല്‍കിയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം.

ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയരേ,

പൊന്നാനിയില്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ തീര്‍ത്തും അസത്യമായ പ്രചാരണങ്ങള്‍ ബോധപൂര്‍വമായി ചില കേന്ദ്രങ്ങള്‍ പടച്ചുവിടുന്നുണ്ട്. തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നത് പ്രായോഗികമല്ലെങ്കിലും അല്പസമയമെങ്കിലും എന്നില്‍ വിശ്വാസം അര്‍പ്പിച്ച പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ഇത്തരം കുപ്രചാരണങ്ങള്‍ക്ക് സാധിച്ചേക്കും.

നീണ്ടകാലം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു ഞാന്‍. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന എന്റെ പിതാവ് വഴി ലഭിച്ച എഴുപത്തിയേഴ് സെന്റ് ഭൂമിയും ഇതില്‍ നാല്പത് വര്‍ഷം മുമ്പ് റയോണ്‍സ് ജോലിക്കിടെ ഞാന്‍ നിര്‍മിച്ച വീടും അല്ലാതെ ഇന്ന് ഈ ദിവസം വരെ അന്‍പത് വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തില്‍ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലന്‍സോ എന്റെയോ കുടുംബത്തിന്റെയോ പേരില്‍ മുമ്പും ഇപ്പോഴും ഇല്ല. ഈ കാലത്തിനിടക്ക് ഞാന്‍ ഒരുതരത്തിലുമുള്ള കച്ചവടത്തിലോ മറ്റു ധന സമ്പാദന മാര്‍ഗത്തിലോ പങ്കാളിയായിട്ടുമില്ല.

ദാനശീലരുടെ കോടിക്കണക്കിന്ന് രൂപയുടെ സഹായ ധനം ക്രോഡീകരിച്ചു നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തിക വിഷയങ്ങളില്‍ വിശ്വാസപരമായി അതീവ സൂക്ഷ്മത പുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ എന്റെ സാമ്പത്തിക സ്ഥിതിയില്‍ കാണിച്ച സ്വത്തിന്റെ മൂല്യത്തില്‍ കാലക്രമേണ വന്ന വര്‍ദ്ധനവും എന്റെ ശമ്പള ഇനത്തില്‍ വന്ന വരുമാനവും പതിനൊന്ന് വര്‍ഷമായി ഞാന്‍ ഉപയോഗിച്ചുവരുന്ന 2008 മോഡല്‍ വാഹനവും അല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ലാത്ത എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്ക് ഇതിനപ്പുറം ഒരു മറുപടി എനിക്കില്ല. ആരാണോ ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നത് അവര്‍ തന്നെ അതിന്റെ ആധികാരികതയും സ്രോതസും സമൂഹത്തെ ബോധ്യപെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Also read:വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ല; ദല്‍ഹിയിലേക്ക് നാടുകടത്തുകയാണെന്ന് കരുതുന്നില്ലെന്നും മുരളീധരന്‍

2009 ല്‍ ഞാന്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ അഫിഡവിറ്റില്‍ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014 ലും 2019 ലും എന്റെ ആസ്തി. പത്തുവര്‍ഷത്തിനിപ്പുറം എല്ലാവരുടേതും പോലെ എന്റെ കിടപ്പാടത്തിന്റെ മൂല്യം കൂടിയിട്ടുണ്ടങ്കില്‍ അത് ഈ തിരഞ്ഞെടുപ്പിലും ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ബോധ്യപ്പെടുത്തും. ഇങ്ങനെയൊരു വാര്‍ത്തയുടെ കൂടെ ചേര്‍ക്കുന്ന പാര്‍ലിമെന്റ് രേഖയില്‍ വന്ന വരുമാന
വര്‍ദ്ധനവ് എന്ന പരാമര്‍ശത്തിന്ന് ഒരു പക്ഷെ കാരണമായതില്‍ ഒരു ഉദാഹരണം 2009 ല്‍ സത്യവാങ്മൂലത്തില്‍ എന്റെ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു.

ഇതേ വസ്തുവിന്ന് 2014 ല്‍ കാണിച്ച മൂല്യം ഇരുപത് ലക്ഷമാണ് അതായത് രണ്ടായിരം ശതമാനം വര്‍ദ്ധനവ്. മാത്രമല്ല 120 മാസം പാര്‍ലിമെന്റ് അംഗമായ എനിക്ക് ലഭിക്കുന്ന വേദനം തന്നെ ആരോപിക്കുന്ന തുകയില്‍ അധികം വരും.

ഇവിടെ പരാമര്‍ശിച്ചതല്ലാത്ത രൂപയോ ഒരു സെന്റ് ഭൂമിയോ മറ്റ് വസ്തുക്കളോ എന്റെ കൈവശം അധികമുണ്ടങ്കിലോ ജീവിതക്കാലത്തിന്നിടക്ക് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ടങ്കിലോ പൂര്‍ണമായും ഇത്തരം ആരോപണങ്ങള്‍ തെളിയിക്കുന്നവര്‍ക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നല്‍കാന്‍ ഞാന്‍ തയ്യാറാണ്.