'ബാബരി മസ്ജിദ് തകർത്ത കാര്യം പരാമർശിക്കാത്തത് പോരായ്മ'; ചന്ദ്രിക വാർത്ത വിവാദത്തിൽ ഇ.ടി. മുഹമ്മദ്‌ ബഷീർ
Kerala News
'ബാബരി മസ്ജിദ് തകർത്ത കാര്യം പരാമർശിക്കാത്തത് പോരായ്മ'; ചന്ദ്രിക വാർത്ത വിവാദത്തിൽ ഇ.ടി. മുഹമ്മദ്‌ ബഷീർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2024, 12:33 pm

മലപ്പുറം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് റിപ്പോർട്ട് ചെയ്തതിൽ ചന്ദ്രികക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുസ്‌ലിം ലീഗ് ദേശീയ സംഘാടക സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പത്രത്തിന്റെ ഉൾപ്പേജിലായി കൊടുത്ത വാർത്തയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്താണ് ക്ഷേത്രം പണിഞ്ഞത് എന്നത് ഉൾപ്പെടുത്താത്തതിനെതിരെ ചന്ദ്രികയിലെ ജീവനക്കാരും പ്രാദേശിക ലേഖകരും വായനക്കാരും ഉൾപ്പെടെ വിമർശനമുയർത്തിയിരുന്നു.

തുടർന്ന് ഡൂൾന്യൂസ്‌ ഇത് വാർത്തയാക്കിയിരുന്നു.

ബാബരി മസ്ജിദ് തകർത്താണ് അയോധ്യയിൽ ക്ഷേത്രം നിർമ്മിച്ചത് എന്ന കാര്യം വാർത്തയിൽ ഉൾപ്പെടുത്താത്തത് പോരായ്മയാണെന്നും സംഭവം എഡിറ്റർമാരുമായി ചർച്ച ചെയ്തു പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

ദേശീയ ഏജൻസികളുടെ അന്വേഷണം ഭയന്നാണ് ബാബരിയെ ഒഴിവാക്കി ചന്ദ്രിക വാർത്ത കൊടുത്തതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

മുസ്‌ലിം ലീഗിന്റെ മുഖപത്രം ബാബരി മസ്ജിദ് പൊളിച്ചത് സംബന്ധിച്ച് ചെറിയ സൂചന പോലും വാർത്തയിൽ നൽകിയില്ല എന്നിരിക്കെ ദേശാഭിമാനി, മാധ്യമം, സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങൾ വലിയ വിമർശനമായിരുന്നു രാമക്ഷേത്ര ഉദ്ഘാടനത്തിനെതിരെ ഉയർത്തിയത്.

CONTENT HIGHLIGHT: ET Muhammed basheer says not mentioning Babari Masjid in Ram temple inauguration news in Chandrika is a fault