| Saturday, 27th July 2019, 11:18 am

മുസ്‌ലിം സമുദായ പക്ഷത്തുനിന്ന് സംസാരിച്ചാല്‍ ലീഗിന് മതേതര മുഖം നഷ്ടപ്പെടുമെന്ന ഭയം പലര്‍ക്കുമുണ്ട്; ഇ.ടി മുഹമ്മദ് ബഷീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമുദായത്തിന്റെ പക്ഷത്തുനിന്ന് സംസാരിച്ചാല്‍ മുസ്‌ലിം ലീഗിന് മതേതര മുഖം നഷ്ടപ്പെടുമെന്ന ഭയം പലര്‍ക്കുമുണ്ടെന്ന് ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. എന്‍.ഐ.എ, യു.എ.പി.എ, മുത്തലാഖ് ബില്ലുകളില്‍ പാര്‍ലമെന്റില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാട് വിശദീകരിച്ചുകൊണ്ട് മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇക്കാര്യം പറയുന്നത്.

മതേതര മുഖം നഷ്ടപ്പെടുമെന്ന ഭയത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ‘ ആ ഭയത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് കഴിഞ്ഞ രണ്ട് ലോക്‌സഭകളിലെ സ്വന്തം ഇടപെടലുകളുടെ അനുഭവമാണ്. അഞ്ചുവര്‍ഷം മുമ്പ് കേവലം 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും കഴിഞ്ഞ സഭയില്‍ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം രണ്ടുലക്ഷമായി വര്‍ധിച്ചു’ അദ്ദേഹം പറയുന്നു.

മുത്തലാഖ് ബില്ലില്‍ പ്രതിപക്ഷത്തെ മറ്റുകക്ഷികളില്‍ നിന്നു വ്യത്യസ്തമായ നിലപാടാണ് മുസ്‌ലിം ലീഗിന്. മറ്റുള്ളവര്‍ക്ക് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിലായിരുന്നു എതിര്‍പ്പ്. എന്നാല്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം അനുവദിക്കുന്ന വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് മുത്തലാഖ് ബില്‍. അതുകൊണ്ട് ആ ബില്ലിനെ അപ്പടി എതിര്‍ക്കുകയാണ് ലീഗ്. മുസ്‌ലിം വ്യക്തി നിയമത്തിന് മൗലികാവകാശത്തിന്റെ സംരക്ഷണമുണ്ട്. ശബരിമല വിഷയത്തില്‍ മുസ്‌ലിം ലീഗ് എടുത്ത നിലപാടുകളും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറയുന്നു.

മുത്തലാഖ് ബില്ലിനായി നിറംപിടിപ്പിച്ച നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിവാഹമോചനകള്‍ നടക്കുന്ന ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ 2011 ലെ സെന്‍സസ് പ്രകാരം 0.5 ശതമാനം മാത്രമാണ്. ഇതില്‍ തന്നെ മുത്തലാഖുകളുടെ എണ്ണം വളരെ നിസാരമാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more