| Friday, 20th November 2015, 8:14 am

ഫാറൂഖ് കോളജ്: ലിംഗവിവേചനത്തിനെതിരെ രംഗത്തുവന്നവരോട് ഇ.ടി മുമ്മദ് ബഷീറിന്റെ അഞ്ച് ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് അഞ്ച് ചോദ്യങ്ങളുമായി മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. ലിംഗവിവേചനത്തിനെതിരെ വാചാലമായി സംസാരിക്കുന്നവരോടും ചാനലുകളില്‍ അങ്കം വെട്ടുന്ന ആങ്കര്‍മാരോടും ഏതാനും കാര്യങ്ങള്‍ ചോദിക്കുന്നതില്‍ എന്നോട് ക്ഷമിക്കുകയെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചോദ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇ.ടി മുഹമ്മദ് ബഷീര്‍ മുന്നോട്ടുവെക്കുന്ന അഞ്ച് ചോദ്യങ്ങള്‍ ഇതാണ്:

1. നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടെങ്കില്‍ ആ കുട്ടി കോളജില്‍ ആണ്‍കുട്ടികളുമായി തൊട്ടുരുമ്മി ഇരിക്കുന്നതും ക്ലാസിലെ കേന്ദ്രീകരണത്തില്‍ നിന്ന് വഴുതിപ്പോയി മറ്റ് പലതും ചിന്തിക്കാന്‍ വഴിയൊരുക്കുന്നതും ഒരു അച്ഛനെന്ന നിലയില്‍ നിങ്ങള്‍ക്കിഷ്ടമാണോ?

2. ടി.വിയില്‍ നിങ്ങള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന ഘോരമായ വാദഗതികളെക്കുറിച്ച് നിങ്ങളുടെ കുട്ടിയുടെ അമ്മയുടെ അഭിപ്രായമെന്താണെന്ന് എപ്പോഴെന്തെങ്കിലും നിങ്ങള്‍ ആരാഞ്ഞിട്ടുണ്ടോ?

3. നിങ്ങളുടെ കുട്ടി അടങ്ങി ഒതുങ്ങി പഠിച്ച് നല്ല നിലയിലാകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മറ്റുള്ള കുട്ടികള്‍ ഇടകലര്‍ന്ന് പാഠം പഠിക്കുന്നത് നല്ലതാണെന്നുള്ള നിങ്ങളുടെ വാദം പുരോഗമനാത്മകമാണോ, അതല്ല സാഡിസമാണോ?

4. ലിംഗ സമത്വത്തിന് ഏറ്റവും പ്രയോജനപ്രദമായ മാര്‍ഗം ഒരു ബെഞ്ചില്‍ ഇടകലര്‍ന്നിരിക്കുന്നതാണെന്ന് കരുതുന്ന നിങ്ങള്‍ ഇതില്ലാത്തിന്റെ ഫലമായി കഴിഞ്ഞ കാലത്ത് എന്ത് അപകടമാണ് ഈ നാട്ടില്‍ സംഭവിച്ചതെന്നും ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ?

5. കേരളത്തിലെ നൂറു കണക്കിന് കോളജുകളില്‍ അനാവശ്യമായ കുഴപ്പങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാനും കുട്ടികള്‍ക്ക് ചൂടുള്ള ഒരു വിവാദവിഷയം വിളമ്പിക്കൊടുക്കാനും ശ്രമിക്കുന്ന നിങ്ങള്‍ പുതിയ തലമുറയോട് പൊതുവേ ചെയ്യുന്നത് വലിയ ദ്രോഹമാണെന്ന് വല്ലപ്പോഴും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

We use cookies to give you the best possible experience. Learn more