| Sunday, 23rd May 2021, 7:22 pm

പാമ്പുകളില്ലാത്ത ലക്ഷദ്വീപില്‍ വിഷം പടര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍; പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആയി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് മുസ്‌ലീം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. ലക്ഷദ്വീപില്‍ വര്‍ഗീയത വളര്‍ത്താനാണ് പ്രഫുല്‍ പട്ടേലിനെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് നടത്തിയ പ്രസംഗവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

99 ശതമാനം മുസ്‌ലീം മതവിശ്വാസികള്‍ പാര്‍ക്കുന്ന ദ്വീപില്‍ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ലക്ഷദ്വീപില്‍ പാമ്പുകള്‍ തീരെ ഇല്ല, കാക്കയും ഇല്ല. എന്നാല്‍ പാമ്പുകള്‍ വമിച്ചാല്‍ ഉണ്ടാകുന്ന വിഷത്തേക്കാള്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ നടക്കുന്ന വര്‍ഗീയ വിഷ വ്യാപനം ആണ് ഇപ്പോള്‍ അവിടെ നടന്ന് വരുന്നത്,’ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രതിഷേധ ക്യാംപയിന്‍ തുടരുകയാണ്.

ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

ശാന്ത സുന്ദരമായിരുന്ന ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്. അറബിക്കടലില്‍ ഒരു വാഴയില വെട്ടി ഇട്ടത് പോലെ കാണുന്ന നിഷ്‌കളങ്കമായ ഒരു നാട്. 99 ശതമാനത്തില്‍ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പി. ഇതിനെതിരെ ദ്വീപില്‍ തന്നെ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുല്‍ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വര്‍ഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
ഇപ്പോള്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പ്രധിഷേധ സ്വരങ്ങളെ അമര്‍ച്ച ചെയ്യാനുള്ള കരിനിയമം കയ്യിലുണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് അവര്‍ കരുതുന്നു.

ദ്വീപിന് എപ്പോഴും ഒരു നിഷ്‌കളങ്ക മുഖമുണ്ട്. അതി മഹത്തായ ഒരു ചരിത്ര സാംസ്‌കാരിക പൈതൃകവും ഉണ്ട്. അത് തകര്‍ക്കുന്ന ബെദ്ധപ്പാടിലാണ് ഭരണകൂടം.

99 ശതമാനം മുസ്ലിം സമൂഹം താമസിക്കുന്ന അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. ആ നാട്ടുകാരായ അവിടെ ജോലി ചെയ്യുന്ന അംഗനവാടി, ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ അടക്കം പിരിച്ചു വിടലിന്‍ വിധേയരായി. മത്സ്യ ബന്ധനം തന്നെയാണ് അവരുടെ പ്രധാന ജീവിത മാര്‍ഗം.

മത്സ്യ തൊഴിലാളികള്‍ക്ക് നേരെ ഓരോ ഹേതു പറഞ്ഞു കേസെടുക്കുന്നതും പതിവായിട്ടുണ്ട്. അവര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കരയില്‍ ഏറ്റവും അടുത്ത സ്ഥലം ബേപ്പൂര്‍ തുറമുഖമാണ്. അതിന് പകരം മംഗലാപുരം ആക്കി മാറ്റാനുള്ള നടപടിയും പൂര്‍ത്തിയായി വരുന്നു. ലക്ഷദ്വീപില്‍ പാമ്പുകള്‍ തീരെ ഇല്ല, കാക്കയും ഇല്ല.

എന്നാല്‍ പാമ്പുകള്‍ വമിച്ചാല്‍ ഉണ്ടാകുന്ന വിഷത്തേക്കാള്‍ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വര്‍ഗീയ വിഷ വ്യാപനം ആണ് ഇപ്പോള്‍ അവിടെ നടന്ന് വരുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്.

ഗവണ്മെന്റ് അടിയന്തിരമായും ഈ തെറ്റ് തിരുത്തണം. അവിടുത്തെ അഡിമിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം. കേന്ദ്ര ഭരണകൂടം ഉദ്യോഗസ്ഥമേധാവിത്വം ഉപയോഗിച്ച് നടത്തുന്ന ഈ ദുഷ്പ്രവണതയെ കുറിച്ച് പാര്‍ലമെന്റില്‍ 13.02.2021 ല്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. തുടര്‍ന്നും അവരുട മഹിതമായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍ കൂടെയുണ്ടാവും.

Content Highlight: ET Muhammed Basheer Lakshadweep Praful Patel BJP

We use cookies to give you the best possible experience. Learn more