കോഴിക്കോട്: താന്‍ മുജാഹിദുകാരനല്ലെന്ന് മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. താന്‍ മുസ്‌ലീം ലീഗുകാരനാണ്. മുജാഹിദുകാരനാണെന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറയുന്നു.
സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തികച്ചും തെറ്റാണെന്നും സമസ്ത വിഭാഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടുണ്ടെന്നും മുഹമ്മദ് ബഷീര്‍ പറയുന്നു.
മുസ് ലീം സംഘടനയുടെ പൊതുവേദിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഇല്ലെന്നും സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇ.ടി പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം പുറത്തിറക്കിയ വീഡിയോയില്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സമസ്ത രംഗത്തുവന്നിരുന്നു. ഇ.ടിയുടെ പ്രസ്താവന അതിരുകടന്നതും അനുചിതവുമാണെന്നായിരുന്നു സമസ്തയുടെ നിലപാട്.
മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണ ക്ലിപിങ്ങില്‍ മുജാഹിദുകള്‍ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്നും, കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും, തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദുകളാണെന്നും ഇ.ടി പറഞ്ഞിരുന്നു.
എന്നാല്‍ മുജാഹിദ് വിഭാഗം വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോഥാനമുണ്ടാക്കിയതെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള പരിശ്രമം സുന്നി ആശയത്തെ അവമതിക്കലാണെന്നും സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.
മുന്‍കാല ലീഗ് നേതാക്കളായ കെ.എം സീതിസാഹിബ്, എം.കെ ഹാജി, സീതി ഹാജി, അവുക്കാദര്‍കുട്ടി നഹ, എ.വി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കള്‍ സ്വീകരിച്ച പൊതുമര്യാദ പാലിക്കാന്‍ ഇ.ടിയും ബാധ്യസ്ഥനാണെന്നു പറഞ്ഞ സമസ്ത കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇ.ടിയെ പോലുള്ളൊരു രാഷ്ട്രീയ നേതാവ് പറയാന്‍ പാടില്ലാത്തതാണെന്നും അഭിപ്രായപ്പെട്ടിരുന്നു.