മതപ്രബോധനം രാഷ്ട്രീയക്കാരുടെയും ബാധ്യത: ലീഗ് എല്ലാ മുസ്‌ലിം വിഭാഗങ്ങള്‍ക്കുമായുള്ള പ്ലാറ്റ്‌ഫോം: സമസ്തയ്ക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍
Kerala
മതപ്രബോധനം രാഷ്ട്രീയക്കാരുടെയും ബാധ്യത: ലീഗ് എല്ലാ മുസ്‌ലിം വിഭാഗങ്ങള്‍ക്കുമായുള്ള പ്ലാറ്റ്‌ഫോം: സമസ്തയ്ക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd October 2017, 12:31 pm

പത്തനംതിട്ട: ഫിത്‌നയെയും ഫസാദിനെയും ഭയക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ഖാദിയാനികള്‍ ഒഴികെയുള്ള എല്ലാ മുസ്‌ലിം വിഭാഗങ്ങളെയും കോര്‍ത്തിണക്കേണ്ട സാഹചര്യമാണ് മുസ്‌ലിം ലീഗ് ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഫസാദും ഫിത്‌നയുമൊക്കെ (കുറ്റംപറച്ചിലും ഛിദ്രതയും) നടത്തുന്നവര്‍ക്ക്, തീര്‍ച്ചയായും അത് അള്ളാഹുവിലേക്ക് റഫര്‍ ചെയ്യുകയാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷേ ഒരു കാര്യവുമുണ്ട്. ഫസാദിനെയും ഫിത്‌നയേയുമൊക്കെ പേടിച്ചിട്ട് ആരും നിക്കേണ്ട ഒരു കാര്യവുമില്ല.” അദ്ദേഹം തുറന്നടിക്കുന്നു.

മുജാഹിദ് വിഭാഗത്തെ അനുകൂലിച്ച് ഇ.ടി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുകയും ഇതിനെതിരെ സമസ്ത രംഗത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സമസ്തയ്ക്കുള്ള മറുപടിയെന്നോണമാണ് ഇ.ടി മുഹമ്മദ് ബഷറിന്റെ പ്രസ്താവന. പത്തനംതിട്ട ചരല്‍കുന്നില്‍ സംസ്ഥാന പ്രതിനിധി ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് എന്നു പറയുന്നത് ഒരു വിശാലമായ പ്ലാറ്റ്‌ഫോമാണ്. ആ പ്ലാറ്റ്‌ഫോമില്‍ ഖാദിയാനികള്‍ ഒഴികെയുള്ള എല്ലാ മുസ്‌ലിം വിഭാഗങ്ങളെയും കോര്‍ത്തിണിക്കേണ്ട ഒരു സാഹചര്യമാണ് നമ്മള്‍ ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


Also Read:  പട്ടേല്‍ നേതാവിന്റെ വെളിപ്പെടുത്തലോടെ തകര്‍ന്നത് അമിത് ഷായുടെ കുതന്ത്രം: കോണ്‍ഗ്രസിനിട്ട് വെച്ചത് കൊണ്ടത് ബി.ജെ.പിക്കുതന്നെ


“ഈ എല്ലാ സംഘടനകള്‍ക്കും അവരുടേതായിട്ടുള്ള ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്. അപ്പോള്‍ അതില്‍ സുന്നിയുണ്ട്, ജമാഅത്തുണ്ട്, തബ്ലീഗുണ്ട് അതൊക്കെയുണ്ട്. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ വിവിധ ജോലികള്‍ ചെയ്യുന്നവര്‍, അവരുടെയൊക്കെ സംഭാവനകള്‍ ഇവിടെയുണ്ട്.” അദ്ദേഹം പറഞ്ഞു.

ദീനിന്റെ കാര്യം പണ്ഡിതന്മാര്‍ പറഞ്ഞാല്‍ മതിയെന്ന രാഷ്ട്രീയക്കാര്‍ മിണ്ടരുത് എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചുകഴിഞ്ഞാല്‍ ദീനിനുവേണ്ടി എന്തു ചെയ്തുവെന്ന് ദൈവം രാഷ്ട്രീയക്കാരോടും ചോദിക്കും. ദുഅവത് എന്നു പറഞ്ഞത് നമ്മുടെ ബാധ്യതയില്‍പ്പെട്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ദീനിന്റെ കാര്യം ഇവിടെ പണ്ഡിതന്മാര്‍ അല്ലെങ്കില്‍ അത്തരം ആളുകള്‍ പറഞ്ഞാല്‍ മതി, രാഷ്ട്രീയക്കാര്‍ അതില്‍ ഇടപെടേണ്ടതില്ല എന്നു പറയുന്നത് തെറ്റാണ്. മുഹമ്മദ് നബി അന്ന് സന്നിഹിതരായിരുന്നവരോടു പറഞ്ഞേല്‍പ്പിച്ചതാണ് ദീന് പൂര്‍ണമാക്കി തന്നു എല്ലാവരും ഇവിടെ കൂടിയിട്ടില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കൂവെന്ന്. നമ്മളെല്ലാം മരിച്ചു കഴിഞ്ഞാല്‍ ദൈവത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്തുവെന്നൊരു ചോദ്യം ചോദിക്കും. അത് രാഷ്ട്രീയക്കാരനോടും ചോദിക്കും, എം.എസ്.എഫുകാരനോടും ചോദിക്കും, യൂത്ത് ലീഗ് കാരനോടും ചോദിക്കും. കൃഷിക്കാനരോടും ചോദിക്കും, വക്കീലിനോടും ചോദിക്കും, എഞ്ചിനിയറോടും ചോദിക്കും.” അദ്ദേഹം പറയുന്നു.

ദഅവത് ( മതപ്രബോധനം) എന്നു പറയുന്നത് നമ്മുടെ ബാധ്യതയില്‍പ്പെട്ടതാണ്. നമ്മള്‍ നമ്മുടെ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളുമായി നടക്കുന്ന വേളയില്‍ നമ്മള്‍ ദഅവത് ചെയ്യുന്നില്ല. എല്ലാവരും അവരുടെ ജീവിതത്തില്‍ ദഅവത് നടത്തിക്കൊണ്ടേയിരിക്കണം. മതവിധി കൊടുക്കാനൊക്കെ വലിയ പണ്ഡിതന്മാര് മതി. ദഅവത്തിന്റെ പരിശ്രമം ചെയ്യേണ്ടത് എല്ലാവരുടേയും ബാധ്യതയാണ്.” അദ്ദേഹം വ്യക്തമാക്കി.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം പുറത്തിറക്കിയ വീഡിയോയില്‍ നടത്തിയ പ്രസ്താവന യ്‌ക്കെതിരെ സമസ്ത രംഗത്തുവന്നിരുന്നു. ഇ.ടിയുടെ പ്രസ്താവന അതിരുകടന്നതും അനുചിതവുമാണെന്നായിരുന്നു സമസ്തയുടെ നിലപാട്. മുജാഹിദ് വിഭാഗം വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോഥാനമുണ്ടാക്കിയതെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള പരിശ്രമം സുന്നി ആശയത്തെ അവമതിക്കലാണെന്നും സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.

മുന്‍കാല ലീഗ് നേതാക്കളായ കെ.എം സീതിസാഹിബ്, എം.കെ ഹാജി, സീതി ഹാജി, അവുക്കാദര്‍കുട്ടി നഹ, എ.വി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കള്‍ സ്വീകരിച്ച പൊതുമര്യാദ പാലിക്കാന്‍ ഇ.ടിയും ബാധ്യസ്ഥനാണെന്നു പറഞ്ഞ സമസ്ത കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇ.ടിയെ പോലുള്ളൊരു രാഷ്ട്രീയ നേതാവ് പറയാന്‍ പാടില്ലാത്തതാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

“തീവ്രവാദ ചിന്തകള്‍ ലോകത്ത് വളര്‍ത്തി ഇസ്ലാമിന് അപരിഹാര്യ നഷ്ടങ്ങള്‍ വരുത്തിവച്ചത് സലഫികളാണെന്ന് ലോകം പരക്കെ അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നിന്നു പോലും യമനിലേക്കും ഐ.എസിലേക്കും സലഫികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കെ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ വസ്തുതാ വിരുദ്ധ പ്രസ്താവന അനുചിതമാണ്.” എന്നായിരുന്നു സമസ്തയുടെ പ്രസ്താവനയില്‍ പറഞ്ഞത്.

“ഒരു വലിയ ജനവിഭാഗത്തെ അപമാനിക്കുന്ന വിധത്തിലും ആശയത്തെ ചെറുതാക്കുന്ന രീതിയിലും നടത്തുന്ന പ്രസ്താവന തിരുത്തുകയും സലഫീ വക്താവായി രംഗത്തു വരുന്നത് ഒഴിവാക്കേണ്ടതുമാണ്” എന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.