കോഴിക്കോട്: പുല്‍വാമയിലെ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍.
പുല്‍വാമയുമായി ബന്ധപ്പെട്ട് കാശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന വ്യക്തി തന്നെ പറയുന്നതിനെ മൂടിവെക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്നും വിഷയത്തില്‍ പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
‘സത്യപാല്‍ മാലിക് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതായത് നരേന്ദ്ര മോദിയുടെ അഴിമതിയുമായുള്ള ബന്ധങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നതാണ്. അതിന് എല്ലാം ആക്കം കൂട്ടുന്നതാണ് സത്യപാല്‍ മാലിക്കിന്റെ ഈ പ്രസ്താവനകള്‍. അതിന് കൃത്യമായ ചില സംഭവ വികാസങ്ങളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ നമ്മുടെ രാജ്യത്തിന്റെ 49 കാവല്‍ക്കാരാണ് മരണമടഞ്ഞത്. ആ സമയത്ത് തന്നെ സുരക്ഷ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് പലകോണില്‍ നിന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അത് വാസ്തവമാണെന്ന് അന്ന് കാശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന വ്യക്തി തന്നെ പറയുന്നതിനെ മൂടിവെക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല.
മാത്രമല്ല ഇതില്‍ വന്നിട്ടുള്ള സുരക്ഷാ വീഴ്ചയെ പുറത്തു പറയരുതെന്ന് പ്രധാനമന്ത്രിയുടെ ദൂതന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിലക്കിയ കാര്യവും നമ്മെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ്.
പ്രതിപക്ഷം പറഞ്ഞിരുന്ന കാര്യങ്ങള്‍ രാഷ്ട്രീയമല്ല മറിച്ച് അത് സത്യത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നുവെന്ന് സാക്ഷ്യം വഹിക്കുന്ന ഒരു പ്രസ്താവനയാണ് അന്ന് അധികാരത്തില്‍ ഉണ്ടായിരുന്ന, പ്രത്യേകിച്ചും ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചകള്‍ രാജ്യത്തിന്റെ ഗുണപരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിന്റെ വീഴ്ച മറച്ച് വെക്കാന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് രംഗത്തെത്തിയത്. 300 കിലോ ആര്‍.ഡി.എക്‌സുമായി ഭീകരവാദി 15 ദിവസത്തോളം കശ്മീരില്‍ ചുറ്റിക്കറങ്ങിയിട്ടും ഒരു ഇന്റലിജന്‍സ് വിഭാഗത്തിനും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നതാണെന്നും സി.ആര്‍.പി.എഫ് ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നുമായിരുന്നു മാലിക് പറഞ്ഞത്.
ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവായിരുന്ന അജിത് ഡോവല്‍ വിഷയത്തില്‍ മൗനം പാലിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും കുറ്റം പാകിസ്ഥാന്റെ മേല്‍ കെട്ടിവെച്ച് ജവാന്‍മാരുടെ മരണം വോട്ടാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സത്യപാല്‍ മാലിക് പറഞ്ഞിരുന്നു.
Content Highlight: ET Muhammad Basheer says Narendra Modi can’t cover up Pulwama revelation