കോഴിക്കോട്: പുല്‍വാമയിലെ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍.
പുല്‍വാമയുമായി ബന്ധപ്പെട്ട് കാശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന വ്യക്തി തന്നെ പറയുന്നതിനെ മൂടിവെക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്നും വിഷയത്തില്‍ പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
‘സത്യപാല്‍ മാലിക് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതായത് നരേന്ദ്ര മോദിയുടെ അഴിമതിയുമായുള്ള ബന്ധങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നതാണ്. അതിന് എല്ലാം ആക്കം കൂട്ടുന്നതാണ് സത്യപാല്‍ മാലിക്കിന്റെ ഈ പ്രസ്താവനകള്‍. അതിന് കൃത്യമായ ചില സംഭവ വികാസങ്ങളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ നമ്മുടെ രാജ്യത്തിന്റെ 49 കാവല്‍ക്കാരാണ് മരണമടഞ്ഞത്. ആ സമയത്ത് തന്നെ സുരക്ഷ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് പലകോണില്‍ നിന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അത് വാസ്തവമാണെന്ന് അന്ന് കാശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന വ്യക്തി തന്നെ പറയുന്നതിനെ മൂടിവെക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല.
മാത്രമല്ല ഇതില്‍ വന്നിട്ടുള്ള സുരക്ഷാ വീഴ്ചയെ പുറത്തു പറയരുതെന്ന് പ്രധാനമന്ത്രിയുടെ ദൂതന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിലക്കിയ കാര്യവും നമ്മെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ്.