ന്യൂദല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് വേട്ടയാടിയവരെ കാണാനെത്തിയതിന് യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍. കസ്റ്റഡിയിലെടുത്ത ശേഷം 35 കിലോ മീറ്റര്‍ തങ്ങളെ വഹനത്തില്‍ കയറ്റി പൊലീസ് കൊണ്ടുപോയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രശ്നമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയല്ല ഞങ്ങള്‍ പോയത്. പൊലീസിനെ വിവരമറിയിച്ച് ഔദ്യോഗിക സന്ദര്‍ശനം നടത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ പൂര്‍ണമായും തെറ്റായാണ് പൊലീസ് പ്രവര്‍ത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് കുറച്ചുകൂടി സുതാര്യമായി പ്രവര്‍ത്തിക്കണം. നിരപരാധികളെ പ്രതികളാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. കേസില്‍ പ്രതികളാവുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള യു.പി സര്‍ക്കാറിന്റെ നടപടികള്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ആരെയും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്കാണ് ഇത് കൊണ്ടുപോവുകയെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
നിങ്ങളെ ഇവിടെ ഇറങ്ങാന്‍ സമ്മതിക്കരുതെന്നും ദല്‍ഹിയിലേക്ക് തിരിച്ചയക്കണമെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നെന്നാണ് പൊലീസ് പറഞ്ഞത്. തുടര്‍ന്ന് 12 മണിവരെ റോഡിലിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ പൊലീസ് വഴങ്ങാന്‍ തയ്യാറായില്ല. രാവിലെ ആറു മണിയോടെ ഞങ്ങളെ ദല്‍ഹിയിലെ ഫ്ളാറ്റിലെത്തിച്ച ശേഷമാണ് അവര്‍ മടങ്ങിപ്പോയതെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
‘രാത്രി 10 മണിയോടെയാണ് അവിടെയെത്തിയത്. എന്നാല്‍ അവിടെ ഇറങ്ങിയപ്പോള്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഞങ്ങളെ തടഞ്ഞു. നമുക്ക് ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് അവരുടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഞങ്ങളുടെ വാഹനത്തില്‍ വരാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. യഥാര്‍ഥത്തില്‍ ഞങ്ങളെ അവര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 കിലോമീറ്റര്‍ അകലെയുള്ള ഗസ്റ്റ് ഹൗസിലേക്ക് എന്ന് പറഞ്ഞാണ് വാഹനത്തില്‍ കയറ്റിയത്. എന്നാല്‍ രണ്ട് കിലോമീറ്റര്‍ കൂടി. രണ്ട് കിലോമീറ്റര്‍ കൂടി എന്നുപറഞ്ഞ് വീണ്ടും, വീണ്ടും മുന്നോട്ട് പോവുകയായിരുന്നു. ഒടുവില്‍ ഞങ്ങളവരോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും 35 കിലോമീറ്റര്‍ പിന്നിട്ടിരുന്നു.
ഏകദേശം 29 പേരാണ് സംഘര്‍ഷത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നത്. ഇവരില്‍ പലരും നിരപരാധികളാണ്. അവരെ കാണാനും നിയമസഹായം നല്‍കാനുമാണ് ഞങ്ങള്‍ പോയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകളെ പ്രകോപിതരാക്കാതെ പ്രശ്നം പരിഹരിക്കുക എന്നതാണ് മുസ്‌ലിം ലീഗിന്റെ പാരമ്പര്യം. ഇതിനൊക്കെയാണ് ഞങ്ങള്‍ പോയത്,’ ഇ.ടി. മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: ET Muhammad Basheer responds to in case of UP police custody