ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശനങ്ങള്‍ പഠിച്ച് മറ്റൊരു പദ്ധതി ആവഷ്‌കരിക്കുകയാണ് വേണ്ടത്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോട് യോജിക്കാന്‍ കഴിയില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പരിശീലനം ആരംഭിക്കാനുള്ള ക്ഷേമ പദ്ധതി നൂറു ശതമാനം മുസ്‌ലിം
വിഭാഗത്തിനുള്ളതാണ്. കാലക്രമേണ അത് ഇരുപത് ശതമാനം പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും കൂടി കൊടുക്കുന്ന ഒരു വകുപ്പ് എഴുതി ചേര്‍ക്കുകയാണ് ഉണ്ടായത്.
അന്ന് മുതല്‍ ഉയര്‍ന്നു വരുന്ന ഒരു ദുരാരോപണമാണ് ന്യൂനപക്ഷത്തിന് കിട്ടുന്നതില്‍ എങ്ങനെയാണ് എണ്‍പത് ശതമാനം മുസ്‌ലിങ്ങള്‍ എടുക്കുന്നത് എന്ന്. നൂറ് ശതമാനം മുസ്‌ലിങ്ങള്‍ക്ക് വേണ്ടി സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം കൊണ്ടുവന്ന ഈ പദ്ധതി യാതൊരു കാര്യവുമില്ലാതെ ചില ആളുകള്‍ എതിര്‍ത്തു വരികയായിരുന്നു,’ ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശനങ്ങള്‍ പഠിച്ച് അതിനുവേണ്ട പരിഹാര നടപടികള്‍ മറ്റൊരു പദ്ധതിയായി ആവഷ്‌കരിക്കുകയാണ് വേണ്ടതെന്നും ഇ.ടി പറഞ്ഞു.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് വിവാദങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കവേയാണ് വിധി. പൊതുതാത്പര്യ ഹരജിയലാണ് ഇപ്പോള്‍ വിധി ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുപാതം നിലവില്‍ വന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാന്‍.
ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ ഇത് 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ ഏറെക്കുറെ 80:20 എന്ന അനുപാതത്തില്‍ തന്നെ എത്തിനില്‍ക്കും.