ന്യൂദല്‍ഹി: ഒത്തുപിടിച്ചാല്‍ ഇന്ത്യയില്‍ പ്രതിപക്ഷ ഐക്യമെന്നത് യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രകടമായതെന്ന് മുസ്‌ലിം ലീഗ് എം.പി. ഇ.ടി മുഹമ്മദ് ബഷീര്‍. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ഇ.ടിയുടെ പ്രതികരണം.
ഇന്ത്യയിലെ പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ പൂര്‍ണമായും സഹകരിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാണെന്ന് മമത ബാനര്‍ജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യക്തമാക്കിയെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
‘പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചുകൂട്ടിയ യോഗത്തില്‍ ഇന്ത്യയിലെ പ്രമുഖരായ എല്ലാ ബി.ജെ.പിയിതര രാഷ്ട്രീയപാര്‍ട്ടികളും പങ്കെടുക്കുകയുണ്ടായി. സമ്പൂര്‍ണമായ ഒരു പ്രതിപക്ഷ പ്രാതിനിധ്യം ഉണ്ടെന്ന് പറയാവുന്ന യോഗമായിരുന്നു ഇത്.
യോഗത്തില്‍ വന്ന ചര്‍ച്ചകളില്‍ ഇന്ത്യയെ രക്ഷിക്കാവുന്ന ഏകമാര്‍ഗം പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നു ഫാസിസ്റ്റ് ഭരണ കൂടത്തെ എതിര്‍ക്കുകയാണെന്ന് മമതാ ബാനര്‍ജി തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
രാജ്യത്തെ ആകെ നാശത്തിലേക്ക് നയിക്കുന്ന നടപടികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മറന്നു ഇന്ത്യയിലെ എല്ലാ കക്ഷികളും ഇതിനെ യോജിച്ച് എതിര്‍ക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്‍.സി.പി നേതാവ് ശരത് പവാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.