Kerala News
ഏത് ആംഗിളിൽ ഷൂട്ട് ചെയ്യണമെന്ന് പച്ചക്കുയിലിന് അറിയാം പരിഹാസവുമായി എസ്തര്‍ അനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 24, 12:59 pm
Tuesday, 24th December 2024, 6:29 pm

കൊച്ചി: പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്ക് വന്ന തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനില്‍.

നീലക്കുയില്‍ എന്റെര്‍ടെയിന്‍മെന്റ്‌സ് എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്തു വിട്ട വീഡിയോയെയാണ് എസ്തര്‍ പരിഹസിച്ചത്. ‘ശാന്തമീ രാത്രിയില്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്ക് എത്തിയ എസ്തറിന്റെ മോശം ചിത്രങ്ങൾ ഓണ്‍ലൈന്‍ ചാനല്‍ പുറത്ത് വിടുകയായിരുന്നു.

എസ്തറും ചിത്രത്തിലെ നായകന്‍ കെ.ആര്‍ ഗോകുലും പരിപാടിക്കിടെ സംസാരിച്ചിരിക്കുന്ന വീഡിയോ മോശമായ ആംഗിളില്‍ ചിത്രീകരിച്ചു എന്ന് പറഞ്ഞാണ് താരം ആ വീഡിയോയുടെ താഴെ പരിഹാസരൂപേണ കമന്റ് ചെയ്തത്.

ആ കമന്റിനെ അനുകൂലിച്ച് ഗോകുലും തന്റെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വീഡിയോയുടെ താഴെ എസ്തറിന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് നിരവധി കമന്റുകള്‍ എത്തിയതോടെയാണ് എസ്തര്‍ പ്രതികരിച്ചത്. ‘പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളില്‍ ചിത്രീകരിക്കണമെന്നും അറിയാം’ എന്നായിരുന്നു എസ്തറിന്റെ കമന്റ്.

ഒരു ചിത്രമെടുക്കുമ്പോൾ തീർത്തും അപ്രതീക്ഷിതമായ ആംഗിളുകൾ കണ്ടുപിടിക്കുന്നതാണ് പച്ചക്കുയിലിന്റെ കലാവൈഭവം എന്നാണ് ഗോകുൽ എസ്തറിനെ അനുകൂലിച്ച് പ്രതികരിച്ചത്.

എന്നാൽ എസ്തറിനെതിരെ വലിയ സൈബർ അറ്റാക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ‘കാണാൻ കണക്കാക്കി എങ്ങനെ ഇരുന്നു കൊടുക്കണമെന്ന് ഇവൾക്കും അറിയാം, എങ്ങനെയൊക്കെ പോസ് ചെയ്യണമെന്ന് എസ്തർ മോൾക്കും അറിയാം’ തുടങ്ങിയ മോശം കമെൻറ്റുകൾ ആണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

 

Content Highlight: Esther Anil sarcastically said they knows what angle to shoot at