|

ബാഹുബലി 2 വിനൊപ്പം റിലീസ് ചെയ്ത ആ ചിത്രത്തിൽ എനിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു: എസ്തർ അനിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന നടിയാണ് എസ്തർ അനിൽ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യമാണ് എസ്തറിനെ കൂടുതൽ പോപ്പുലറാക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസത്തിൽ കമൽഹാസന്റെ മകളായും എസ്തർ അഭിനയിച്ചു.

ഇന്ന് നായിക നടിയായി മറിയിരിക്കുകയാണ് എസ്തർ. എസ്തർ ആദ്യമായി പ്രധാന വേഷത്തിൽ എത്തിയ സിനിമകളിൽ ഒന്നായിരുന്നു ജെമിനി. രൺജി പണിക്കർ, സിജോയ് വർഗീസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ജെമിനി ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു.

എന്നാൽ ആ സിനിമ വിജയമാകാത്തതിൽ തനിക്ക് വിഷമം ഇല്ലെന്നും ബാഹുബലി 2 വിനൊപ്പമാണ് ആ സിനിമ റിലീസായതെന്നും എസ്തർ പറയുന്നു. അതുകൊണ്ടുതന്നെ ആ സിനിമയിൽ വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നുവെന്നും എന്നാൽ തന്റെ കഥാപാത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങൾ കേട്ടിരുന്നുവെന്നും എസ്തർ കൂട്ടിച്ചേർത്തു.

‘എനിക്ക് തോന്നുന്നു, ഒന്നാമത് അത് റിലീസ് ചെയ്തത് ബാഹുബലി 2 വിനൊപ്പമാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷയൊന്നുമില്ലായിരുന്നു. പിന്നെ ടൈറ്റിൽ റോളിൽ ഒരു കഥാപാത്രം ചെയ്യുക എന്നത് ഒരു ചലഞ്ചാണ്. അതുകൊണ്ടാണ് ആ ചിത്രം ചെയ്ത‌ത്. ആ ഫിലിം കണ്ടിട്ട് ഇൻസ്റ്റഗ്രാമിലും നേരിട്ടുകണ്ടിട്ടും ഒക്കെ ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞിരുന്നു.

ഒരു വൈദികനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു, മോളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. ഞാൻ പറഞ്ഞു ദൃശ്യത്തിലാകും എന്ന്. പക്ഷേ, അദ്ദേഹം പറഞ്ഞത് അല്ല, ജെമിനി എന്ന ചിത്രത്തിൽ ഉണ്ടായിരുന്നില്ലേ എന്നാണ്. അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ട സിനിമയാണത്രേ അത്. അങ്ങനെ ഒരുപാട് പേർ. എന്തോ ഒരു സാഹചര്യം കൊണ്ട് അത് അംഗീകരിക്കപ്പെടാതെ പോയതാണ് എന്നുവിചാരിക്കുന്നു. നമ്മുടെ വർക്ക് അംഗീകരിക്കപ്പെടുന്നതാണല്ലോ വലിയ സന്തോഷം. അതുമതി,’എസ്തർ പറയുന്നു.

അതേസമയം എസ്തർ ഭാഗമായിട്ടുള്ള ദൃശ്യം എന്ന സിനിമയുടെ മൂന്നാംഭാഗം ഉണ്ടാവുമെന്ന് അണിയറപ്രവത്തകർ ഈയിടെ വ്യക്തമാക്കിയിരുന്നു. അനു എന്ന കഥാപാത്രത്തെയായിരുന്നു എസ്തർ ദൃശ്യത്തിൽ അവതരിപ്പിച്ചത്.

Content Highlight: Esther Anil About Gemini Movie