'അതായിരുന്നു സെറ്റിലെത്തിയപ്പോള്‍ കേട്ട ഏറ്റവും വലിയ പരാതി'; ദൃശ്യം 2ന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് എസ്തര്‍
Film News
'അതായിരുന്നു സെറ്റിലെത്തിയപ്പോള്‍ കേട്ട ഏറ്റവും വലിയ പരാതി'; ദൃശ്യം 2ന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് എസ്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 8:23 pm

കൊച്ചി: ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ദൃശ്യം2 നായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സ്വതസിദ്ധമായ അഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് എസ്തര്‍ അനില്‍.

കൊവിഡ് കാലങ്ങളില്‍ ആരംഭിച്ച ദൃശ്യം 2ന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് എസ്തര്‍. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് എസ്തര്‍ മനസ്സു തുറന്നത്.

ചിത്രത്തിന്റെ ആദ്യഭാഗത്ത് അനുമോള്‍ എന്ന കഥാപാത്രത്തെയാണ് എസ്തര്‍ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാംഭാഗത്തിന്റെ ഷൂട്ടിംഗിനായി എത്തിയ തനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നതായി സെറ്റിലുള്ളവര്‍ പറഞ്ഞുവെന്നാണ് എസ്തര്‍ പറയുന്നത്.

ദൃശ്യം2 ന്റെ സെറ്റില്‍ വന്നപ്പോള്‍ താനേറ്റവും കൂടുതല്‍ കേട്ട പരാതിയാണ് എസ്തര്‍ ഭയങ്കര സൈലന്റായി പോയല്ലോ എന്ന്. എല്ലാവര്‍ക്കും വ്യക്തിപരമായി ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും എസ്തര്‍ പറഞ്ഞു.

‘ദൃശ്യം 2-ന്റെ സെറ്റില്‍ വന്നപ്പോള്‍ ഞാന്‍ ഏറ്റവുമധികം കേട്ട പരാതിയാണ് എസ്തര്‍ ഭയങ്കര സൈലന്റായി എന്ന്. പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസര്‍വ്ഡ് ആയി എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. ആ വ്യത്യാസം ഉണ്ട്. പിന്നെ സിനിമയെ കുറച്ച് കൂടി ഗൗരവമായി കാണാന്‍ തുടങ്ങി. അതുപോലെ അനുമോള്‍ എന്ന കഥാപാത്രത്തിനും മാറ്റമുണ്ട്. ദൃശ്യം രണ്ടിലെ മൂന്ന് സ്ത്രീകള്‍ എന്നാണ് എന്നെയും മീന ആന്റിയെയും അന്‍സിബ ചേച്ചിയെയും പ്രമോഷനും മറ്റുമായി എവിടെ പോയാലും അഭിസംബോധന ചെയ്യുന്നത്’, എസ്തര്‍ പറഞ്ഞു.

ഫെബ്രുവരി 19 ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.
മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Esther Anil About  Drishyam 2 Experiences