Football
മെസിയുടെയും നെയ്മറിന്റെയും കളി കണ്ടാണ് വളര്‍ന്നത്, ഭാവിയില്‍ ബാഴ്സയില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു; മനസ്സുതുറന്ന് ബ്രസീലിയന്‍ താരം
സ്പാനിഷ് ക്ലബ്ബ് ബാഴ്സയില്‍ പന്തുതട്ടുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമായിരിക്കും.ബാഴ്സലോണയില്‍ കളിക്കണമെന്ന ആഗ്രഹവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബ്രസീലിയന്‍ യുവതാരമായ എസ്റ്റെവോ വില്യണ്‍.
ബാഴ്സലോണയുടെ വലിയ ആരാധകനായതിനാല്‍ ഭാവിയില്‍ ബാഴ്സലോണയ്ക്കായി കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലയണല്‍ മെസി, നെയ്മര്‍, ലൂയിസ് സുവാരസ് എന്നിവറുടെ പ്രകടനങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നുമാണ് വില്യണ്‍ പറഞ്ഞത്.
‘ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നെയ്മറും മെസിയും സുവാരസും ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ ബാഴ്സലോണയുടെ എല്ലാ മത്സരങ്ങളും കാണാറുണ്ട്. ഞാന്‍ ബാഴ്സലോണ ക്ലബ്ബിന്റെ ആരാധകനാണ്. അവിടെ കളിക്കുന്ന കളിക്കാരോട് എനിക്ക് വലിയ ആരാധനയാണ്. ഞാനും ഭാവിയില്‍ അവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ വില്യണ്‍ മുണ്ടോ ഡിപോര്‍ട്ടീവോയോട് പറഞ്ഞു.
ലയണല്‍ മെസിയോടും നെയ്മറിനോടുമുള്ള ആരാധനയെകുറിച്ചും ബ്രസീലിയന്‍ യുവതാരം പങ്കുവെച്ചു.
‘ഞാന്‍ വളരെയധികം ആരാധിക്കുന്ന താരമാണ് മെസി. മെസിയുടെ കളി ഞാന്‍ എന്നും കാണാറുണ്ട്. അദ്ദേഹത്തിന്റെ വീഡിയോകള്‍ കാണുകയും കളിക്കളത്തില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ ഗ്രൗണ്ടില്‍ അതുപോലെ പുറത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചില സമയങ്ങളില്‍ പ്രാവര്‍ത്തികമാവും. മെസി ചെയ്യുന്നതെല്ലാം അസാധാരണവും അതിശയകരവുമാണ്,’ വില്യണ്‍ പറഞ്ഞു.
‘എനിക്ക് നെയ്മറെയിഷ്ടമാണ്. അവന്‍ ബ്രസീലുകാരനും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പാല്‍മെറാസ് ക്ലബ്ബിന്റെ താരമാണ് എസ്റ്റെവോ വില്യണ്‍. പാല്‍മെറാസിന് വേണ്ടി രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്.
ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെന്‍ താരത്തിന് 35 മില്യണ്‍ ഓഫര്‍ നല്‍കിയെങ്കിലും 15കാരന്‍ ഈ ഓഫര്‍ നിരസിച്ചുവെന്നാണ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട് പറയുന്നത്.
ബ്രസീലിയന്‍ ഫുട്‌ബോളിലും യൂറോപ്യന്‍ ഫുട്‌ബോളിന്റെ കളിത്തട്ടിലും മികച്ച സാധ്യതകളുള്ള ഒരാളാണ് വില്യണ്‍. അതുകൊണ്ട് തന്നെ ഭാവിയില്‍ ഏത് വമ്പന്‍ ടീമിനൊപ്പം എസ്റ്റെവോ വില്യണ്‍ ഉണ്ടാവുമെന്ന ആകാംഷയിലാണ് ആരാധകര്‍.
Content Highlight: Estevao Willian express his interest to play Barcelona in the future.