15 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; നെയ്മറിന് ശേഷം ചരിത്രമെഴുതി ബ്രസീലിന്റെ 17കാരൻ
Football
15 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; നെയ്മറിന് ശേഷം ചരിത്രമെഴുതി ബ്രസീലിന്റെ 17കാരൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th August 2024, 12:27 pm

ബ്രസീലിയന്‍ ലീഗില്‍ പാല്‍മിറാസിന് തകര്‍പ്പന്‍ ജയം. കുയാബയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പാല്‍മിറാസ് തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് ബ്രസീലിയന്‍ യുവതാരം എസ്റ്റേവോ വില്ലിയന്‍ നടത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ 27, 32 എന്നീ മിനിട്ടുകളിലാണ് വില്ലിയന്‍ ലക്ഷ്യം കണ്ടത്.

ഇതോടെ ഈ സീസണില്‍ പാല്‍മിറാസിനായി ഗോള്‍ കോണ്‍ട്രിബ്യൂഷന്‍സ് 14 ആക്കി ഉയര്‍ത്താന്‍ വില്ലിയന് സാധിച്ചു. ഇതിനോടകം തന്നെ 20 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് എസ്റ്റേവോ സ്വന്തമാക്കിയത്. ബ്രസീലിയന്‍ ലീഗിന്റെ ഒരു സീസണില്‍ 18 വയസ് തികയുന്നതിന് മുമ്പ് കുറഞ്ഞത് 13 കോണ്‍ട്രിബ്യൂഷന്‍ നേടുന്ന താരമായി മാറാനാണ് വില്ലിയന് സാധിച്ചത്. തന്റെ 17ാം വയസിലാണ് വില്ലിയന്‍ ഈ അവിസ്മരണീയമായ നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്.

ഇതിനുമുമ്പ് സൂപ്പര്‍താരം നെയ്മറും ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2009ലായിരുന്നു നെയ്മര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ബ്രസീലിയന്‍ ക്ലബ്ബിനൊപ്പമുള്ള ഈ 17കാരന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസില്‍ ദേശീയ ടീമില്‍ ഇടം നേടാനും വില്ലിയന് സാധിച്ചു.

അതേസമയം മത്സരത്തില്‍ വില്ലിയന് പുറമേ മുരിലോ സെര്‍ക്വിറ(15), മൗറീഷോ (45+2), ഫിലിപ് ആന്‍ഡേഴ്‌സണ്‍ (56) എന്നിവരായിരുന്നു പാല്‍മിറാസിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

ഈ തകര്‍പ്പന്‍ വിജയത്തോടെ ബ്രസീലിയന്‍ ലീഗില്‍ 24 മത്സരങ്ങളില്‍ നിന്നും 13 വിജയവും അഞ്ച് സമനിലയും ആറ് തോല്‍വിയുമടക്കം 44 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പാല്‍മിറാസ്.

സെപ്റ്റംബര്‍ രണ്ടിന് അത്‌ലറ്റികോ പി. ആറിനെതിരെയാണ് പാല്‍മിറാസിന്റെ അടുത്ത മത്സരം. ബൈക്‌സഡ അറീനയിലാണ് മത്സരം നടക്കുക.

 

Content Highlight: Estevao Willian Create a new Record Brazilian League