| Wednesday, 21st November 2018, 11:42 pm

ശ്വാസ് ക്ലിനിക്കുകള്‍ കൂടുതല്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആസ്ത്മ, സി.ഒ.പി.ഡി. ചികിത്സകള്‍ക്കായുള്ള ശ്വാസ് ക്ലിനിക്കുകള്‍ മറ്റുള്ള ആശുപത്രികളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോക സി.ഒ.പി.ഡി. ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ശ്വാസകോശ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തില്‍ അനുവദിച്ച 170 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 100 കേന്ദ്രങ്ങലും 14 ജില്ലാ ആശുപത്രികളിലും ശ്വാസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതാണ് മറ്റുള്ള ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിലൂടെ ശ്വാസകോശ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


Also Read: 2019 മാര്‍ച്ചോടെ ഇന്ത്യയിലെ പകുതി എ.ടി.എമ്മുകള്‍ അടച്ചുപൂട്ടേണ്ടി വന്നേക്കും; കോണ്‍ഫഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി


സംസ്ഥാന ആരോഗ്യ വകുപ്പ് സമഗ്രമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിലൂടെ ആരോഗ്യ രംഗം മുന്നിലെത്തിയെങ്കിലും ജീവിതി ശൈലീ രോഗങ്ങളും പകര്‍ച്ച വ്യാധികളും നിയന്ത്രിക്കേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങളെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതോടൊപ്പം പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യ ജാഗ്രതയും പുരോഗമിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.

സി.ഒ.പി.ഡി. രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് മാതൃക ശ്വാസകോശ പുനരധിവാസ കേന്ദ്രം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ തുടങ്ങിയത്. ഇത്തരം സജീവ ഇടപെടലുകളിലൂടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് അറുതി വരുത്താനാകും. അന്തരീക്ഷ മലിനീകരണത്തിലൂടെയും ഭക്ഷണ രീതിയിലൂടെയുമാണ് സി.ഒ.പി.ഡി. പ്രധാനമായും ഉണ്ടാകുന്നത്. ശ്വാസകോശ രോഗങ്ങള്‍ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Also Read: കാശ്മീരില്‍ അതിനാടകീയ നീക്കങ്ങള്‍; ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു


ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു മാറാരോഗമാണ് സി.ഒ.പി.ഡി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 210 ദശലക്ഷം പേര്‍ ഈ രോഗം ഉള്ളവരാണ്.”നേരത്തേയുമല്ല വൈകിയുമില്ല കരുതിയിരിക്കൂ ശ്വാസകോശ രോഗങ്ങള്‍ക്കെതിരെ” എന്നതാണ് ഈ വര്‍ഷത്തെ സി.ഒ.പി.ഡി. ദിനാചരണ സന്ദേശം.

സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, ഭാരതീയ ചികിത്സ വകുപ്പ് പ്രതിനിധി ഡോ.ജയന്‍, കൗണ്‍സിലര്‍ സിനി വി.ആര്‍, എന്‍.സി.ഡി. കണ്‍ട്രോള്‍ പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Dool News Vedio:

We use cookies to give you the best possible experience. Learn more