| Wednesday, 17th January 2024, 3:46 pm

ഇന്ത്യന്‍ ഫുട്‌ബോളിന് മലയാളത്തില്‍ മരുന്നുണ്ട്

ജാഫര്‍ ഖാന്‍

മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. പക്ഷേ, അതിന്റെ ഗുട്ടന്‍സ് ഇതുവരെ പിടികിട്ടിയിട്ടില്ല. അറിയുന്നവര്‍ പറഞ്ഞുതരൂ.പക്ഷേ, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് മലയാളത്തില്‍ മരുന്നുണ്ട് !

ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരം കഴിഞ്ഞ് ഇന്ത്യന്‍ കോച്ച് ഇഗര്‍ സ്റ്റിമാക്ക് മാധ്യമങ്ങളെ കാണുന്നു. ലോകഫുട്‌ബോളില്‍ ആരെയും തോല്‍പ്പിക്കാന്‍ കരുത്തുള്ള ഓസ്‌ട്രേലിയയോട് രണ്ട് ഗോളിന് മാത്രം തോറ്റ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ പറഞ്ഞത് രണ്ടേരണ്ടുകാര്യം.

ഓസ്‌ട്രേലിയക്കെതിരായ എഷ്യാകപ്പ് മത്സരത്തില്‍ കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇറക്കാന്‍ പറ്റിയ നാല് പ്രധാനതാരങ്ങള്‍ ഇല്ലാതെയാണ് ഓസ്‌ട്രേലിയന്‍ വെല്ലുവിളി ഏറ്റെടുത്തത് എന്ന്. മറ്റൊന്ന് ആകെ 13 ദിവസം മാത്രമാണ് ഏഷ്യന്‍ കപ്പിനായി ടീമിനെ ഒരുക്കാന്‍ കിട്ടിയുള്ളൂവെന്നും. രണ്ടും ശരിയാണ്.

ഇന്ത്യന്‍ കോച്ച് ഇഗര്‍ സ്റ്റിമാക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പാതിയിലേറെ പിന്നിട്ട് കാലും കയ്യും മനസ്സും തളര്‍ന്നാണ് മിക്ക കളിക്കാരും ദേശീയ ക്യാമ്പില്‍ എത്തിയത്. ഇവരെയൊക്കെ മത്സരസജ്ജമാക്കുക എന്ന പണി ഏറ്റെടുത്ത് നടത്തിയത് രണ്ട് മലയാളികള്‍. ഒരാള്‍ ടീം ഫിസിയോ ജിജി ജോര്‍ജ്, രണ്ടാമന്‍ ടീം ഡോക്ടര്‍ ഷെര്‍വിന്‍ ഷെരീഫ്.

ജിജി ജോര്‍ജും ഡോക്ടര്‍ ഷെര്‍വിന്‍ ഷെരീഫും

കളിക്കാരും കോച്ചും എടുത്ത പണിക്കൊപ്പം തന്നെ പറയേണ്ട ‘ നയിപ്പ് ‘ ഇരുവരും ഇന്ത്യന്‍ ടീമിനെ ഒരുക്കാന്‍ ചെയ്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയക്ക് എതിരെ നമ്മുടെ ടീം പൊരുതിയെങ്കില്‍ അതില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്. ഓരോ കളിക്കാരനെയും വേറെവേറെയായി കണ്ട് ഇവര്‍ ഒരുക്കിയ ‘ ചികിത്സ ‘ യുടെ ഗുണം നാളെ ഉസ്‌ബെക്കിസ്ഥാനെതിരെയും കാണാം.

ഇന്ത്യന്‍ ടീമിന്റെ രഹസ്യായുധം എന്ന് നായകന്‍ സുനില്‍ സുനില്‍ ഛേത്രി വിശേഷിപ്പിച്ച ജിജി സാറിനെ ഞാന്‍ ആദ്യം കാണുന്നത് 2006 ഗുഡ്ഗാവ് സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ ഫിസിയോ ആയാണ്. അതിന് മുന്‍പ് തന്നെ അദ്ദേഹം കേരള ടീമിന് ഒപ്പം ഉണ്ട്.

ഏറെ കാലം കേരള ടീമിന്റെ ഭാഗമായിരുന്ന ജിജി 2011 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. തൃശൂര്‍ എലൈറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജിജി, ചെയ്യുന്ന ജോലിയില്‍ ഉസ്താദ് എന്ന് ആരും പറയും. മൂപ്പര്‍ക്ക് ഇത് ഇന്ത്യന്‍ ടീമിനൊപ്പം രണ്ടാം ഏഷ്യന്‍ കപ്പ്.

ജിജി ജോര്‍ജും ഡോക്ടര്‍ ഷെര്‍വിന്‍ ഷെരീഫും ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം

ഡോക്ടര്‍ ഷെര്‍വിന്‍ ഷെരീഫ് ചാവക്കാട് സ്വദേശി. 2017 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഷെര്‍വിന്‍ കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ സര്‍വീസിലാണുള്ളത്.

സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഷെര്‍വിനോട് ചോദിക്കാന്‍ ആദ്യം തോന്നിയത്. അടുത്ത മത്സരത്തില്‍ ഉസ്ബക്കിനെതിരെ ആദ്യമത്സരത്തില്‍ പരിക്ക് പറ്റിയ സന്ദേശ് ജിങ്കാന്‍ കളിക്കുമോ എന്ന്. ടീമിനെ തീരുമാനിക്കുന്നത് ‘ ഞാന്‍ അല്ല ‘ എന്ന ക്ലാസ് മറുപടി. നാളത്തെ മത്സരം മിസ്സ് ചെയ്യാന്‍ മാത്രമുള്ള പരിക്ക് ജിങ്കാന് ഇല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സന്ദേശ് ജിങ്കാന്‍

ഇന്ത്യന്‍ കളിക്കാര്‍ ലോകത്തെ പ്രബല ഫുട്‌ബോള്‍ ടീമുകളില്‍ നിന്ന് ഏതെല്ലാം കാര്യങ്ങളില്‍ ‘ കുറവ് ‘ നേരിടുന്നുണ്ട് എന്ന് പിന്നെ ചോദിച്ചു. ഫിസിക്കില്‍ എന്ന് മറുപടി. പിന്നെ വിഷയം വിശദമാക്കി. ഉദ്ദേശിച്ചത് ഉയരം, തടി എന്നിവ മാത്രം അല്ല, കാഴ്ച്ചയിലൂടെ അളക്കാന്‍ കഴിയാത്ത എയറോബിക് ഫിറ്റ്‌നസ്, മസില്‍ പവറിന്റെ വിവിധ തലങ്ങള്‍ ഇവയെല്ലാം ആണ് പ്രധാനമായും എന്ന്.

പക്ഷേ, മേലെ പറഞ്ഞതിന്റെ എല്ലാ കുറവുകളും സ്‌കില്‍ കൊണ്ട് മറികടക്കാന്‍ പറ്റുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ ലോക ഫുട്‌ബോള്‍ രാജ്യങ്ങളെ അദ്ദേഹം ഇതിന് ഉദാഹരണമായി കാണിക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങളില്‍ നമുക്ക് വിശദമായി പിന്നീട് സംസാരിക്കാം എന്നും പറഞ്ഞു.

content highlights: Essay on Indian Football Team Physio jigy George and Team Doctor Sherwin Sharif

ജാഫര്‍ ഖാന്‍

We use cookies to give you the best possible experience. Learn more