പള്ളിക്കൂടത്തിന്റെ വരാന്തയില്‍ പഞ്ചമിയുടെ കൈപിടിച്ച് അയ്യങ്കാളിയിന്നും ഒരേ നില്‍പ്പാണ്. പ്രതിഷേധത്തിന്റെ വിത്തുകള്‍ വിളഞ്ഞിരുന്ന പാടങ്ങളില്‍ പലതുമിന്ന് നല്ല മുന്തിയ ഇനം ജാതി വിളയുന്ന പള്ളിക്കൂടങ്ങളാണ്. ജാതിയില്ലാ വിളംബരം നൂറും ആറും പിന്നിട്ടിരിക്കുന്നു. കുറേയേറെപ്പേര്‍ക്കെങ്കിലും നവോത്ഥാന മുന്നേറ്റങ്ങള്‍ മത്സരപ്പരീക്ഷകളുടെ മാര്‍ക്കുകള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
”ഇന്ത്യയില്‍ ജാതിയുണ്ട്, കേരളത്തിലില്ല” എന്ന് പാടിനടക്കുന്നവര്‍ പൊതുബോധത്തെ ഒരു പരിധിവരെയെങ്കിലും കീഴടക്കിയിട്ടുമുണ്ട്. പിന്നെയൊക്കെ ”ഒറ്റപ്പെട്ട” സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുന്ന ജനതയായി കീഴാളര്‍ മാറുന്നതുംകണ്ട് പിന്മുറക്കാരെക്കുറിച്ച് അഭിമാനം കൊള്ളുന്നുണ്ടായിരിക്കും പരലോകത്തെ മാടമ്പി സമൂഹം.
എവിടെയാണ് പിഴച്ചത്? സമരത്തിനോ, അതോ സമരാനന്തരം രൂപപ്പെട്ടുവന്ന നവോത്ഥാന കേരളത്തിനോ? ശരിയാണ്, ഒരുപാട് മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നോട്ട് തന്നെ. പക്ഷേ, ഘടനാപരമായ ചില പ്രശ്‌നങ്ങള്‍ ഈ മുന്നേറ്റങ്ങളെയൊക്കെ മലിനപ്പെടുത്താന്‍ അത്രയും ശക്തമാണ്. ആശാനക്ഷരം പിഴയ്ക്കും വിധം കേരളത്തിലെ വിദ്യാഭ്യാസ മേഖല രൂപപ്പെട്ടുവന്നതെങ്ങനെ?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കില്‍ കേരളത്തിലെ എയ്ഡഡ് മേഖലയെക്കുറിച്ച് മനസ്സിലാക്കണം. സംവരണം എയ്ഡഡ് മേഖലയ്ക്കന്ന്യമാണ് എന്നത് മാത്രമല്ല, കേരളത്തിലെ ദളിതരേയും തദ്ദേശജനതയെയും ഉന്നത വിദ്യാഭ്യാസത്തിന്റെ പടിക്ക് പുറത്തുനിര്‍ത്തുന്ന ഒരു അപ്രഖ്യാപിത നയം തന്നെ ഇവിടെ രൂപപ്പെട്ട് വന്നിട്ടുണ്ട്.
ഓള്‍ ഇന്ത്യ സര്‍വെ ഓഫ് ഹയര്‍ എജുക്കേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകര്‍ക്കിടയിലെ ജാതിയാണ് മുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സവര്‍ണര്‍ അവരുടെ ജനസംഖ്യക്ക് ആനുപാതികമായി ഇരട്ടിയോളം പ്രതിനിധീകരിക്കുന്നു. ദളിതര്‍ മൂന്നിലൊന്ന് മാത്രം. തദ്ദേശ ജനത അഞ്ചിലൊന്ന് മാത്രം. ഒ.ബി.സി. വിഭാഗങ്ങള്‍ പകുതിയോളം മാത്രം.
ഇത് പൊതുമേഖലയും എയ്ഡഡും ചേര്‍ന്ന കണക്കാണ്. അതുകൊണ്ട് കൂടുതല്‍ വ്യക്തത വരണമെങ്കില്‍ എയ്ഡഡ് മേഖലയിലെ കണക്കുകള്‍ കൂടി നോക്കണം. കാരണം എയ്ഡഡ് മേഖലയില്‍ ഇതുവരെ സംവരണം ഏര്‍പ്പാടാക്കിയിട്ടില്ല. ഒന്നൊന്നര ലക്ഷം വരുന്ന കേരളത്തിലെ എയ്ഡഡ് ജീവനക്കാരില്‍ 0.38% മാത്രമാണ് എസ്.സി / എസ്.ടി ജീവനക്കാര്‍ (ഒ.പി. രവീന്ദ്രന്‍ 2023).
ഇത്തരം ഒരു ഘടനാപരമായ പ്രശ്‌നത്തില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി കേരളത്തിനെതിരെ ഗോറില്ലാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കാതെ, ഭരണഘടനാപരമായ അവകാശങ്ങള്‍ കീഴാള സമൂഹത്തിന് ലഭ്യമാക്കാതെ, നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കാതെ പ്രശ്‌നപരിഹാരത്തിന് ഒരു തുടക്കം കുറിക്കാന്‍ പോലും കഴിയില്ല എന്നാണ് പറയാനാവുക.
ഇനി കേരളവര്‍മ്മയിലേക്ക് വരാം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മാനേജ്‌മെന്റിന് കീഴിലെ രണ്ട് കോളേജുകളില്‍ ഒന്നാണ് കേരളവര്‍മ്മ. ”രാജാവിന്റെ ദാനം” ആയാണ് കേരളവര്‍മ്മയെ അവിടുത്തെ നിലവിലെ ഭരണനേതൃത്വം കാണുന്നത്. ക്ഷേത്രപ്രവേശന വിളംബരം രാജാവിന്റെ ഔദാര്യം ആവുന്നതുപോലെ.
രാജഭരണത്തെക്കുറിച്ചുള്ള വര്‍ണ്ണനകളാണ് ഓഫീസ് കെട്ടിടത്തിന്റെ ചുവരുകള്‍ നിറയെ. പുതിയ ഭരണ നേതൃത്വം വന്നതിന് ശേഷം ഇത്തരം വാഴ്ത്തുപാട്ടുകള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്. പഴയ പ്രിന്‍സിപ്പാള്‍മാരുടെ പേര് ”സുവര്‍ണ്ണലിപികളില്‍” ആലേഖനം ചെയ്തുകൊണ്ട് ഒരു ബോര്‍ഡ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. അത് നോക്കിയാല്‍ മനസ്സിലാവും ചരിത്രപരമായുള്ള കേരളവര്‍മ്മയുടെ ജാതി. ഇപ്പോഴത്തെ ഭരണനേതൃത്വവും അങ്ങനെ തന്നെ. ഇനി കണക്കുകളിലേക്ക് കടക്കാം.
2011 സെന്‍സസ് അനുസരിച്ച് കേരളത്തിലെ എസ്.സി. പോപ്പുലേഷന്‍ 9.1% ആണ്. വിവരാവകാശ നിയമനുസരിച്ചുള്ള (2023) കേരളവര്‍മ്മയില്‍ നിന്നുതന്നെയുള്ള വിവരമനുസരിച്ച് അവിടെ ആകെ 4 ദളിത് അദ്ധ്യാപകര്‍ മാത്രമാണ് ഉള്ളത്. അതായത് 4%.NSSO എസ്റ്റിമേറ്റ് അനുസരിച്ച് 65.3% വരുന്ന കേരളത്തിലെ ഒ.ബി.സികളിലെ 40% മാത്രമാണ് കേരളവര്‍മ്മയില്‍ അദ്ധ്യാപകരായി ഉള്ളത്. എസ്ടി 0%. എന്നാല്‍ വെറും 24% മാത്രം ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന സവര്‍ണര്‍ 56% അധ്യാപക പോസ്റ്റുകളും കയ്യടക്കി വച്ചിരിക്കുന്നു. അല്ലേലും ദേവസ്വം ഭൂമി കീഴാളര്‍ക്ക് എന്നാണ് സ്വന്തമായിട്ടുള്ളത്?.
കേരളവര്‍മ്മയിലെ വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ക്ക് വരെ ജാതിയുടെ നിറം ചാര്‍ത്തിക്കൊടുക്കുന്ന ഒരു അഭിപ്രായ രൂപീകരണ ”സംഘം” അവിടെ ശക്തമാണ്.
ചരിത്രപരമായി നോക്കിയാല്‍ കേരളവര്‍മ്മയിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കീഴാള ജനതയുടെ ശക്തമായ പ്രാതിനിത്യം കാണാം. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയെ അക്രമത്തിന്റെ പര്യായമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍, അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ സമം ക്രിമിനല്‍സ് എന്ന അതേ ചാപ്പകുത്തല്‍ സംഘം ഇവിടെയും ശക്തമായിരുന്നു എന്നു വേണം കരുതാന്‍.
സംഘപരിവാരത്തിന്റെ ഉണ്ണികള്‍ നല്ലപിള്ളകള്‍ ആവുന്നതും ഇതേ ലോജിക്ക് വച്ചുകൊണ്ട് തന്നെ. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയം അവിടുത്തെ സവര്‍ണ്ണ സാമൂഹ്യ ഘടനയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
മറ്റൊന്ന് ഹോസ്റ്റലുകളാണ്. കേരളത്തിലെ ഹോസ്റ്റലുകള്‍ ക്രിമിനല്‍ കേന്ദ്രങ്ങളാണ് എന്ന ഒരു പൊതു ഭാഷ്യം രൂപപ്പെട്ട് വന്നിട്ടുണ്ടെങ്കില്‍, അതിനു കാരണം അവിടെ താമസിക്കുന്ന ദളിതരെയും ആദിവാസികളെയും കുറിച്ച് വിലപിക്കുന്ന ജാതിക്കോമാളികളുടെ ഒപ്പീനിയന്‍ മോബിലൈസേഷന്‍ ആണ്.
ഞാന്‍ അവിടെ കേരളവര്‍മ്മയില്‍ ഉണ്ടായിരുന്ന കാലത്ത് ജില്ലയ്ക്ക് പുറത്തുള്ള ഒരു ദളിത് വിദ്യാര്‍ത്ഥിയോട് ”തനിക്ക് മൊബൈല്‍ ഫോണ്‍ ഒക്കെ ഉണ്ടല്ലേ” എന്ന് ആശ്ചര്യത്തോടെ ചോദിച്ച ഒരു പ്രിന്‍സിപ്പാള്‍ ഉണ്ടായിരുന്നു. അല്ലേലും കീഴാള ജനത നല്ല ഉടുപ്പ് ഇടുമ്പോഴും, മൂന്നുനേരം ഉണ്ണുമ്പോഴും, ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും ഉടഞ്ഞുവീഴുന്ന അത്രയൊക്കെയേ പുരോഗമനം അവരില്‍ വളര്‍ന്നിട്ടുള്ളൂ.
കേരളവര്‍മ്മയിലെ ലേഡീസ് ഹോസ്റ്റലില്‍നിന്ന് അത്ര നല്ല വാര്‍ത്തകളല്ല കുറച്ച് നാളുകളായി കേട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് നിലവിലെ വാര്‍ഡന്‍ ചാര്‍ജ്ജ് ഏറ്റെടുത്തത്തിന് ശേഷം. വാര്‍ഡന്‍ പോസ്റ്റിലേക്ക് അപേക്ഷ കൊടുത്ത ഒരു നോണ്‍-സവര്‍ണ്ണ അധ്യാപികയ്ക്ക് പകരം പ്രിന്‍സിപ്പാള്‍ പ്രത്യേക തല്‍പ്പര്യം എടുത്ത് നിയമിച്ചതാണ് ഈ പുതിയ ഹോസ്റ്റല്‍ നേതൃത്വത്തെ എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിവരങള്‍ RTI വച്ച് ചോദിച്ചപ്പോള്‍ തരാന്‍ സാധിക്കില്ല എന്ന മറുപടിയാണ് കേരളവര്‍മ്മയില്‍ നിന്നും കിട്ടിയത്. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനികള്‍ വാര്‍ഡനെ അറിയിക്കാതെ യാത്ര പോയതിന് പത്തുപന്ത്രണ്ട് പേരെ പുറത്താക്കിയ ചരിത്രവും അവര്‍ക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും വിവരാവകാശം വഴി തന്നിട്ടില്ല.
ഹോസ്റ്റല്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നു പറയുമ്പോഴും വര്‍ഷങ്ങള്‍ മുന്‍പ് പ്രൊഫസര്‍ ലത പ്രിന്‍സിപ്പാള്‍ ആയിരുന്ന സമയത്ത് RTI സെക്ഷന്‍ 4(1)(b) അനുസരിച്ച് ഹോസ്റ്റലുകള്‍ കോളേജിന്റെ അവിഭാജ്യ ഘടകമാണെന്ന് പറയുന്നുണ്ട്. ഹോസ്റ്റല്‍ നിയമങ്ങളും RTI പരിധിയില്‍ വരുമെന്നും പറയുന്നുണ്ട്. എന്നിരുന്നിട്ട് കൂടി ഇതെല്ലാം നിഷേധിക്കുന്നത്, പ്രത്യേകിച്ച് വിവരങ്ങള്‍ സംവരണത്തെ കുറിച്ചാകുമ്പോള്‍ മറച്ചു പിടിക്കുന്നത് ഒരുതരത്തില്‍ ജാതീയത ഒളിപ്പിക്കുന്ന നടപടി തന്നെയാണ്.
കേരളവര്‍മ്മയിലെ പലവിഷയങ്ങളും പുറത്തറിയാത്തത് വിവരങ്ങള്‍ മറച്ചുപിടിക്കുന്ന ഒരു സംഘടിത ശക്തി അവിടെ ഉണ്ട് എന്നുള്ളതിനാല്‍ കൂടിയാണ്. വിവരാവകാശം വച്ചാലും രക്ഷയില്ല. കേരളവര്‍മ്മ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് എന്നാണ് അവര്‍ ധരിച്ചുവച്ചിരിക്കുന്നത്. കേരളവര്‍മ്മ കോളേജിനും, അതിന്റെ മാനേജ്‌മെന്റ് ആയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനും പ്രത്യേക ”പബ്ലിക്” ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ നിലവിലുണ്ടെങ്കിലും ഹോസ്റ്റലിനെക്കുറിച്ചുള്ള വിവരങ്ങള്‍ തരാന്‍ സാധിക്കില്ല എന്ന വിചിത്ര വാദങ്ങളാണ് അവര്‍ നിരത്തുന്നത്.
ഹോസ്റ്റല്‍ നടത്തിപ്പിന് സര്‍ക്കാര്‍ നിയന്ത്രണങ്ങളോ സഹായങ്ങളോ ഇല്ല, അതിനാല്‍ മറുപടി പറയാന്‍ ബാധ്യസ്ഥരല്ല എന്നാണ് അവര്‍ രേഖാമൂലം മറുപടി തന്നത്. കേരളവര്‍മ്മ ഹോസ്റ്റലുകള്‍ക്ക് രാജ്യത്തിന്റെ നിയമം ബാധകമല്ലല്ലോ! പുതിയ ഹോസ്റ്റല്‍ കെട്ടിടം പിന്നെ പരശുരാമന്‍ മഴുവേറിഞ്ഞ് ഉണ്ടായതാണല്ലോ! ഈ ഗ്രാന്റ് ആയി കിട്ടണ പണം അവരുടെ പോക്കറ്റില്‍ നിന്നും എടുത്ത് നല്‍കുന്നതാണല്ലോ!
ലേഡീസ് ഹോസ്റ്റലിലെ സംവരണത്തെക്കുറിച്ചും, മെറിറ്റിനെക്കുറിച്ചും ചോദിച്ചതിനാണ് അവരിങ്ങനെ പെരുമാറുന്നത്. എന്റെ പരാതിയില്‍ സംസ്ഥാന വിവരാവകാശ കമീഷന് കോളേജ് കൊടുത്ത മറുപടിയില്‍ പറഞ്ഞിരിക്കുന്നത് വിവരാവകാശം കാരണം കോളേജിന് സമാധാനമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന തരത്തിലാണ്. ഈ ”ചോദ്യങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നില്ല” എന്ന് കോപ്പി പേസ്റ്റ് ചെയ്യലാണല്ലോ ഇത്രേം മലമറിക്കണ പണി! സംഭവം ഏതായാലും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഹിയറിങ്ങിന് വച്ചിരിക്കുകയാണ്.
SC/ST/OEC വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് ലംപ്-സം ആയി ഇ-ഗ്രാന്റ്‌സ് വഴിയാണ് കോളേജിന് ലഭിക്കുക. SC/ST/OEC വിദ്യാര്‍ത്ഥികളില്‍നിന്നും ഫീസ് ഒരു കാരണവശാലും മുന്‍കൂറായി വാങ്ങരുത് എന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവിലുണ്ട്. അഥവാ ഇങ്ങനെ മുന്‍കൂറായി വാങ്ങിയാല്‍ കേസെടുക്കണം എന്നുവരെ സര്‍ക്കാര്‍ ഉത്തരവുകളില്‍ പറയുന്നുണ്ട്.
ഇതിലപ്പുറം കോളേജ് മാനേജ്‌മെന്റ് ആയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തന്നെ ഇത്തരം നടപടികള്‍ പാടില്ല എന്ന് നിര്‍ദേശം കൊടുത്തിരുന്നു. എന്നിട്ടും കേരളവര്‍മ്മയിലെ ലേഡീസ് ഹോസ്റ്റലിലെ SC/ST/OEC വിദ്യാര്‍ത്ഥിനികളില്‍നിന്നും മുന്‍കൂര്‍ ആയി ഹോസ്റ്റല്‍ വാര്‍ഡന്‍ പണം പിരിച്ചു. പ്രശ്‌നം പ്രതിഷേധമായപ്പോള്‍ പണം തിരികെ കൊടുത്ത് കൈ കഴുകാനാണ് ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. പണം പിരിച്ചത് മാത്രമല്ല ഇങ്ങനെ മുന്‍കൂര്‍ ആയി പണം നല്‍കിയില്ലെങ്കില്‍ ഹോസ്റ്റല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും എന്ന ഭീഷണിയും ഉണ്ടായിരുന്നു എന്നാണ് കേട്ടത്.
ഇ-ഗ്രാന്റിന്റെ പേരും പറഞ്ഞ് ഹോസ്റ്റല്‍ അടച്ചിട്ടാല്‍ അത് അവിടുത്തെ മറ്റ് വിഭാഗം വിദ്യാര്‍ത്ഥിനികളെ SC/ST/OEC വിദ്യാര്‍ത്ഥിനികളുമായി തെറ്റിക്കാന്‍ സാധിയ്ക്കും എന്ന ദുഷ്ട്ടലാക്കാണ് ഇതിന് പിന്നില്‍.
ഇങ്ങനെ അഭിപ്രായ രൂപീകരണം നടത്തി കേരളവര്‍മ്മയിലെ SC/ST/OEC വിദ്യാര്‍ത്ഥിനികളെ മാനസികമായി പീഡിപ്പിച്ച ഈ അധ്യാപികയ്‌ക്കെതിരെ കേസെടുക്കുക തന്നെയാണ് വേണ്ടത്. ഇ-ഗ്രാന്റ്‌സ് മുന്‍കാലങ്ങളിലും ലംപ്-സം ആയി തന്നെയാണ് വരാറുള്ളത്. അന്നൊക്കെ ഹോസ്റ്റല്‍ നടന്നുപോകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
വലിയ ഡെക്കറേഷന്‍ ഒന്നും വേണ്ട ആ ബുദ്ധിമുട്ടിന്റെ പേരാണ് ”ജാതി”.
ക്ലാസ് റൂമുകള്‍ ചോര്‍ന്നൊലിക്കുന്നുണ്ട് എങ്കിലും ആഡംബരത്തിന് ഒരു കുറവുമില്ല കേരളവര്‍മ്മയില്‍. ”തലപോയ തെങ്ങിന് തടമെടുക്കുന്ന” നടപടികളാണ് പുതിയ കേരളവര്‍മ്മ ഭരണനേതൃത്വത്തിന് കീഴില്‍. കണക്കൊക്കെ വായുവില്‍ എഴുതി കൂട്ടും. പുതിയ കവാടം നിര്‍മ്മിക്കുന്ന ചര്‍ച്ചകളിലാണ് അവരിപ്പോള്‍. ഹോസ്റ്റലുകളിലെ ടോയ്‌ലെറ്റുകള്‍ പരിതാപകരമാണ് എന്നാണ് കുട്ടികള്‍ പറയുന്നത്.
പല റൂമുകളിലെയും സീലിങ് അപകടകരമായ അവസ്ഥയില്‍ ആണെന്നും കുട്ടികള്‍ പറയുന്നു. എന്നാലും കവാടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നതാണല്ലോ ഹീറോയിസം! ഇനിപ്പോ ഇ-ഗ്രാന്റ്‌സ് കുറച്ച് വൈകി എന്നുതന്നെ ഇരിക്കട്ടെ, അതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കാതെ കുട്ടികളെ മാനസ്സികമായി പീഡിപ്പിക്കുകയാണോ വേണ്ടത്? ഒരു കോര്‍പ്പസ് ഫണ്ട് രൂപീകരിക്കണം എന്ന കുറച്ചുകാലങ്ങളായുള്ള ആവശ്യം അവഗണിച്ച കേരളവര്‍മ്മയിലെ ഭരണനേതൃത്വത്തിന്റെ പരാജയം മറച്ചുപിടിക്കുന്ന നടപടിയാണ് ഈ ജാതിപീഡനം.
നിരവധി SC/ST/OEC വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമാണ് കേരളവര്‍മ്മ ഹോസ്റ്റലുകള്‍. ലക്ഷദ്വീപില്‍ നിന്നുവരെ നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഇവരുടെയെല്ലാം ഭാവി വച്ചുള്ള കളിയാണ് ഹോസ്റ്റല്‍ അധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ നീതിയെക്കുറിച്ചും, ഭരണഘടനയെക്കുറിച്ചും, എന്തിന് അംബേദ്കര്‍ തോട്ട് വരെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക തന്നെയാണ് ഈ കീഴാളപീഡനം നടത്തുന്നത് എന്നതാണ് കഥയിലെ വിരോധാഭാസം.
പരേതാത്മാക്കള്‍ക്ക് കെട്ടുകഥകളിലെ കഴിവുകളുണ്ടെങ്കില്‍ ഒന്നുറപ്പാണ്, തീര്‍ച്ചയായും അംബേദ്കര്‍ തിരണ്ടിവാലുമെടുത്ത് ഇറങ്ങിവരുമായിരുന്നു.
ഫെല്ലൊഷിപ്പ് നിഷേധിച്ചത്തിന്റെ പേരിലാണ് പ്രതിഷേധത്തിനൊടുവില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. അങ്ങനെ മരിച്ചും, മരിച്ച് ജീവിച്ചും എത്രയെത്ര പേര്‍! ആ വരിയിലേക്ക് കേരളവര്‍മ്മയിലെ കുട്ടികളെ തള്ളിയിടാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് ചെറുക്കപ്പെടേണ്ടതുണ്ട്.
സമാധാനപരമായ പഠനാന്തരീക്ഷം കേരളവര്‍മ്മയില്‍ എന്നല്ല, ലോകത്തെവിടെയും ഉണ്ടാവേണ്ടതുണ്ട്. പ്രതിഷേധങ്ങള്‍ ഉയരുക തന്നെ ചെയ്യണം. അനീതികള്‍ ഉയരുമ്പോള്‍, നിശബ്ദത, വേട്ടക്കാരുടെ പക്ഷം പിടിക്കലാണ്. മുന്‍കൂര്‍ ആയി SC/ST/OEC വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കി കൈ കഴുകിയിട്ട് കാര്യമില്ല, ഇവിടെ ഒരു ക്രൈം നടന്നിട്ടുണ്ട്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിനുള്ള കരുത്ത് ഒട്ടനവധിനിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേരളവര്‍മ്മയ്ക്കുണ്ട്.
ഒരുവശത്ത് സര്‍ക്കാര്‍ നവകേരളത്തെയും, വിജ്ഞാനസമൂഹത്തെയും വിഭാവനം ചെയ്യുമ്പോള്‍; അതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊളിച്ചെഴുതുന്ന നടപടികള്‍ തുടരുമ്പോള്‍, മറുവശത്ത് ജാതികേരളവും പിടിമുറുക്കുന്നുണ്ട്. ആ കരങ്ങളില്‍നിന്നും കേരളത്തെ വിമോചിപ്പിക്കാതെ കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല.
ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിന്റെ മണ്ണ് ജാതിക്കോമരങ്ങളില്‍ നിന്നും വിമുക്തമാക്കേണ്ടതുണ്ട്. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട ജനതയാണ്, അവരെ ഇനിയും ജാതിയുടെ കാല്‍ക്കീഴില്‍ നിര്‍ത്തരുത്. സര്‍ക്കാരിന്റെ നയങ്ങളെ പിന്തിരിപ്പന്‍ ആശയങ്ങള്‍ മുന്നോട്ട് വച്ച് പൊളിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാനും നടപടിയെടുക്കാനും കഴിയുന്ന നേതൃത്വമാണ് കേരളത്തില്‍ ഇന്നുള്ളത് എന്നുതന്നെയാണ് കരുതുന്നത്.
CONTENT HIGHLIGHTS: Essay on Caste Harassment in Kerala Varma College