| Saturday, 11th March 2023, 7:06 pm

വ്യക്തിനിയമവും ധാര്‍മികതയും; നമുക്ക് നിയമങ്ങളുടെ ആവശ്യമുണ്ടോ?

ഫാറൂഖ്

ഒരുദാഹരണം എടുക്കാം. ഏതു റോഡിലും അതിവേഗത്തില്‍ വണ്ടിയോടിച്ചാല്‍ അപകടമുണ്ടാകും. ബുദ്ധിയുള്ള എല്ലാ മനുഷ്യര്‍ക്കും അതറിയാം. അതുകൊണ്ട് തന്നെ ധാര്‍മികതയുള്ള മനുഷ്യന്മാര്‍ അതിവേഗത്തില്‍ വണ്ടിയോടിക്കില്ല. മനുഷ്യര്‍ മുഴുവന്‍ ധാര്‍മികതയുള്ളവരാണെന്ന് വെക്കുക, ആരും വേഗത്തില്‍ വണ്ടിയോടിക്കില്ല. അതുകൊണ്ട് തന്നെ അത് സംബന്ധിച്ച നിയമവും ക്യാമറയും ഫൈനും ഒന്നും ആവശ്യമില്ല. പക്ഷെ അങ്ങനെയല്ല ലോകം. എല്ലാ മനുഷ്യരും ധാര്‍മികതയുള്ളവരല്ല. 1000 മനുഷ്യരുണ്ടെന്ന് വെക്കുക, 999 പേരും ധാര്‍മികരാണ്, ഒരാള്‍ക്ക് മാത്രം ധാര്‍മികതയില്ല എന്നും കണക്കാക്കുക. അപ്പോഴും നിയമം വേണം, സ്പീഡ് കാമറ വേണം, ഫൈന്‍ അടിക്കണം. ചുരുക്കി പറഞ്ഞാല്‍ അധാര്‍മികര്‍ക്കാണ് നിയമം, ധാര്‍മികര്‍ക്കല്ല.

ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്താന്‍ പാടില്ല. കാരണം ഗര്‍ഭത്തിലുള്ള ശിശു പെണ്ണാണെന്ന് കണ്ടാല്‍ ആ ശിശുവിനെ കൊന്നുകളയാന്‍ മാത്രം അധാര്‍മികരായ മനുഷ്യര്‍ ഇന്ത്യയിലുണ്ട്. നേരത്തെ പറഞ്ഞ പോലെ ആയിരത്തില്‍ ഒരാള്‍, പക്ഷെ അയാളെ കൈകാര്യം ചെയ്യാന്‍ നിയമം വേണം. മറ്റൊരു രാജ്യത്തും ഇത്തരം ഒരു നിയമമില്ല, കാരണം അവിടെയൊന്നും പെണ്‍കുട്ടികളെ കൊല്ലാറില്ല. ഒന്ന് കൂടി ആവര്‍ത്തിക്കാം, നിയമവും ശിക്ഷവും അധാര്‍മികര്‍ക്കാണ്, ധാര്‍മികര്‍ക്കല്ല.

മുസ്‌ലിം പിന്തുടര്‍ച്ചാവകാശവും ഇതുമായി എന്താണ് ബന്ധമെന്നല്ലേ, ഒരുദാഹരണത്തിലൂടെ പറയാം. ആയിരക്കണക്കിന് കോടി ആസ്തിയുള്ള വ്യവസായിയുടെയൊന്നും കാര്യം പറയുന്നില്ല, ആയിരം കോടി സ്വത്തുള്ളയാളുടെ മക്കളുടെ നൂറോ ഇരുന്നൂറോ കോടി വേറൊരാള്‍ക്ക് പോയാല്‍ അവരുടെ ജീവിതത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല, അതിവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഒരു സാധാരണ ഇടത്തരക്കാരന്റെ കാര്യം പറയാം.

ഷുക്കൂറല്ല, അഷ്റഫ്. അഷ്‌റഫിന് ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്. ഒരു മകള്‍ കോളേജിലും മറ്റെയാള്‍ സ്‌കൂളിലും. മറ്റേതൊരു സാധാരണക്കാരനേയും പോലെ അഷ്റഫിന്റെ ആകെ സമ്പാദ്യം ഒരു വീടും അത് നില്‍ക്കുന്ന സ്ഥലവുമാണ്. വേറൊന്നുമില്ല. അഷ്റഫിന്റെ മാത്രമല്ല, ഇത് വായിക്കുന്ന മിക്കവരുടെയും മഹാഭൂരിപക്ഷം നാട്ടുകാരുടെയും സമ്പാദ്യം വീടും അത് നില്‍ക്കുന്ന പറമ്പും മാത്രമാണ്. അഷ്റഫ് പേര് സൂചിപ്പിക്കുന്ന പോലെ മുസ്‌ലിമാണ്. അയാള്‍ക്ക് മൂന്ന് സഹോദരങ്ങളുണ്ട്, അവരും അഷ്റഫിനെ പോലെ കുടുംബമായി ജീവിക്കുകയാണ്.

ആദ്യം പറഞ്ഞ ട്രാഫിക് സ്പീഡിന്റെ കണക്കു പോലെ ലളിതമായി പറഞ്ഞാല്‍, 999 മുസ്‌ലിങ്ങളും ധാര്‍മികരാണ്, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. അക്കൂട്ടത്തില്‍ പെടുന്നവരാണ് അഷ്റഫിന്റെ സഹോദരന്മാര്‍ എങ്കില്‍ ഒരു പ്രശ്‌നവുമില്ല, നിയമത്തിന്റെ ആവശ്യമൊന്നുമില്ല. അഷ്റഫിന്റെ ഭാര്യയും കുട്ടികളും തുടര്‍ന്നും ആ വീട്ടില്‍ താമസിക്കും, സഹോദരന്മാര്‍ വ്യക്തി നിയമപ്രകാരം അവര്‍ക്കു കിട്ടാവുന്ന അവകാശം അഷ്റഫിന്റെ ഭാര്യക്കും മക്കള്‍ക്കുമായി എഴുതിക്കൊടുക്കും. സഹോദരന്റെ മക്കളെന്ന നിലക്ക് കുട്ടികള്‍ക്ക് ഭാവിയില്‍ വേണ്ടതൊക്കെ ചെയ്തും കൊടുക്കും. ഇക്കാര്യങ്ങളിലൊക്കെ മിക്ക മുസ്‌ലിങ്ങളും മാതൃകാപരമായ ജീവിതം നയിക്കുന്നവരാണ്.

പക്ഷെ, അഷ്റഫിന്റെ ഒരു സഹോദരന്‍ ധാര്‍മികത പുലര്‍ത്താത്ത ഒരാളാണെന്ന് വിചാരിക്കുക. അയാള്‍ അഷ്റഫിന്റെ വീട്ടില്‍ മുസ്‌ലിം പിന്തുടര്‍ച്ചാവകാശപ്രകാരമുള്ള അവകാശം ആവശ്യപ്പെടും. അതോടെ അതുവരെ താമസിച്ച വീട്ടില്‍ അഷ്റഫിന്റെ ഭാര്യയും പെണ്‍മക്കളും അന്യരാവും. സാങ്കേതികമായി അവര്‍ക്കും അവകാശമുണ്ട്, പക്ഷെ പൂര്‍ണാവകാശമില്ല. പിന്നെ സംഭവിക്കുന്നതിതാണ്. ദീര്‍ഘകാലം കേസ് നടക്കുന്നു. ഒരു വീട് മാത്രം സ്വത്തായത് കൊണ്ട് ആ വീട് വിറ്റ് അതിന്റെ നല്ലൊരു ശതമാനം സഹോദരന്‍മാര്‍ക്ക് കൊടുക്കാന്‍ അഷ്റഫിന്റെ ഭാര്യയോടും മക്കളോടും കോടതി ആവശ്യപ്പെടുന്നു, അവരുടെ ജീവിതം നരകമാകുന്നു. അഷ്‌റഫിന് ഒരു പാട് സ്വത്തുണ്ടെങ്കില്‍ വീട് വില്‍ക്കേണ്ടി വരില്ല, പക്ഷെ ആധുനിക സമൂഹത്തില്‍ തൊണ്ണൂറു ശതമാനം പേര്‍ക്കും ഒരു വീടില്‍ കൂടുതല്‍ സ്വത്തുണ്ടാകില്ല.

നമ്മള്‍ തുടക്കത്തില്‍ പറഞ്ഞപോലെ ധാര്‍മികരായ വ്യക്തികള്‍ മാത്രമുള്ള സമൂഹത്തില്‍ നിയമങ്ങള്‍ വേണ്ട. പക്ഷെ അധാര്‍മികരുണ്ടാകും, അവരെ കൈകാര്യം ചെയ്യാന്‍ നിയമങ്ങള്‍ വേണം, അത് നടപ്പാക്കാന്‍ പറ്റുന്നതായിരിക്കണം.

മുത്തലാഖ് ബില്ലിനെ ഈ കോളം പിന്തുണച്ചപ്പോഴും ഇതേ പ്രശ്‌നം പലരും പറഞ്ഞിട്ടുണ്ട്. മുസ്‌ലിങ്ങളില്‍ മഹാഭൂരിപക്ഷവും മുത്തലാഖ് ചൊല്ലുന്നവരല്ല. ചെറുപ്പക്കാരായ മിക്ക മുസ്‌ലിങ്ങളും മുത്തലാഖ് ചൊല്ലുന്നവരെ കണ്ടിട്ട് പോലുമില്ല. അവര്‍ക്ക് വേണ്ടി ഒരു നിയമവും ആവശ്യവുമില്ല. പക്ഷെ ലക്ഷത്തിലൊന്നോ കോടിയിലൊന്നോ പേരുണ്ടാകും, അധാര്‍മികരായവര്‍, വിവാഹത്തട്ടിപ്പുകാര്‍, അവര്‍ മുത്തലാഖ് എന്ന ഒരു സൗകര്യം ഉപയോഗിക്കും. അത് കൊണ്ട് അത് തടയാന്‍ നിയമം വേണം. മുത്തലാഖ് ചൊല്ലുന്നവര്‍ക്കേ മുത്തലാഖ് നിയമം ബാധകമാവൂ, അല്ലെങ്കില്‍ ആകാവൂ. നിയമം ദുരുപയോഗിക്കരുത് എന്നത് വേറെ കാര്യം, അത് മറ്റൊരു ചര്‍ച്ചയാണ്.

അഷ്‌റഫിന് മരിക്കുന്നതിന് മുമ്പ് സ്വത്ത് പെണ്മക്കളുടെ പേരില്‍ എഴുതി വെച്ചുകൂടായിരുന്നോ, മതം വിട്ടു പോയ്കൂടായിരുന്നോ എന്നൊന്നും ചോദിച്ചല്ല ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടത്.

അഷ്റഫ് പ്രായമായി സ്വാഭാവിക മരണം കാത്തു കിടക്കുമ്പോള്‍ ഒരു പക്ഷെ അങ്ങനെ ചെയ്യുമായിരുന്നിരിക്കും. പക്ഷെ ചെറിയ കുട്ടികളുള്ള യുവാക്കള്‍ അകലമരണമടയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത്.

കാലവും അത് പോലെത്തന്നെ. കുറച്ചു കാലം മുമ്പേ, അധികമൊന്നുമില്ല, മുപ്പതോ നാല്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്‍ഷുറന്‍സ് നിഷിദ്ധമാണെന്നായിരുന്നു മുസ്‌ലിങ്ങള്‍ പൊതുവെ വിശ്വസിച്ചിരുന്നത്. അത് കൊണ്ട് തന്നെ മുസ്‌ലിം രാജ്യങ്ങള്‍ പൊതുവെ ഇന്‍ഷുറന്‍സ് നടപ്പാക്കിയിരുന്നില്ല. വണ്ടിയോടിച്ച് അപകടമുണ്ടായാല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടത് ഡ്രൈവറുടെ ബാധ്യതയായിരുന്നു. നഷ്ടപരിഹാരം കൊടുക്കാന്‍ കഴിവില്ലെങ്കില്‍ ഡ്രൈവര്‍ ജയിലില്‍ പോകും. വളരെ കുറച്ചു വണ്ടികളും അതോടിക്കുന്നവര്‍ പണക്കാരുമായിരുന്ന കാലത്ത് അതിന് പ്രശ്‌നമുണ്ടായിരുന്നില്ല. പിന്നീട് വണ്ടികള്‍ കൂടുകയും ഡ്രൈവര്‍മാര്‍ കുറഞ്ഞ കൂലി വാങ്ങുന്നവരാവുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഗള്‍ഫ് നാടുകളിലെ ജയിലുകള്‍ ഡ്രൈവര്‍മാരെ കൊണ്ട് നിറഞ്ഞു. അതോടെ നിയമങ്ങള്‍ മാറി. ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി. വണ്ടികള്‍ക്ക് മാത്രമല്ല സ്വന്തം ആരോഗ്യത്തിന് പോലും ഇന്‍ഷുറന്‍സായി. ഇപ്പോള്‍ ഇന്‍ഷുറന്‍സില്ലാതെ മിക്ക ഗള്‍ഫ് രാജ്യത്തും വിസിറ്റ് പോലും പോകാന്‍ കഴിയില്ല.

സ്ത്രീകള്‍ ഒറ്റക്ക് സഞ്ചരിക്കുന്നത് വിലക്കുന്ന നിയമമുണ്ടായിരുന്നു ചില മുസ്‌ലിം രാജ്യങ്ങളില്‍ മുമ്പ്. ഒരു പക്ഷെ മരുഭൂമിയില്‍ അവരെ തട്ടി കൊണ്ട് പോകാനും അപഹരിക്കാനും സാധ്യതയുള്ള കാലത്തെ നിയമമായിരുന്നിരിക്കും. പക്ഷെ മൊബൈല്‍ ഫോണുകളും ക്രെഡിറ്റ് കാര്‍ഡുകളും കയ്യില്‍ വച്ച് സ്ത്രീകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയ കാലത്ത് ഇതൊന്നും പ്രസക്തമല്ലാതായി. ഈയടുത്ത് സൗദി അറേബ്യ പോലും ആ നിയമങ്ങള്‍ എടുത്തു കളഞ്ഞു.

ഈയടുത്താണ് ഒരു ബിഹാരി യുവതി തന്റെ കുഞ്ഞിന്റെ അച്ഛന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകനാണെന്നും ആ കുഞ്ഞിന് ജീവനാംശവും സ്വത്തവകാശവും വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. കോടതി ഡി.എന്‍.എ ടെസ്റ്റിന് വിധിച്ചു, ഡി.എന്‍.എ പോസിറ്റീവ് ആയതു കൊണ്ട് ആ സ്ത്രീക്കും കുട്ടിക്കും 70 ലക്ഷമോ മറ്റോ കൊടുത്ത് ഒത്തു തീര്‍പ്പാക്കിയെന്ന് കേള്‍ക്കുന്നു. ഏതായാലും ഈ ഒരു കേസ് ഇനി ഒരു പാട് പേര്‍ക്ക് പ്രചോദനമാകും. സ്വത്തവകാശ നിയമങ്ങളില്‍ ഇനി ഡി.എന്‍.എ ടെസ്റ്റിലൂടെ തെളിയിക്കപ്പെടുന്ന കുട്ടികള്‍ക്കുള്ള സ്വത്തവകാശത്തെ സംബന്ധിച്ച വിശദാംശങ്ങളും വേണ്ടി വരും.

അത് പോലെ തന്നെയാണ് ലിവിങ്-ടുഗെതര്‍ ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെ സ്വത്തവകാശവും. മത ധാര്‍മികതയനുസരിച്ച് വിവാഹിതരല്ലാതെ ഒന്നിച്ചു താമസിക്കുന്നവര്‍ മതത്തില്‍ പെട്ടവര്‍ അല്ലെന്ന് പറയാം. പക്ഷെ, മരിച്ചയാളുടെ മതം തീരുമാനിക്കുന്നത് പുരോഹിതരല്ല, വില്ലേജ് ഓഫീസറാണ്. വില്ലേജ് ഓഫീസര്‍ മരിച്ചയാളുടെ മതം തീരുമാനിക്കുന്ന നാട്ടില്‍ മത-ധാര്‍മികത അനുസരിച്ചു തീരുമാനങ്ങള്‍ വരില്ല. അത് കൊണ്ട് തന്നെ മുമ്പ് മതത്തില്‍ ഒരിക്കലും പരിഗണിക്കേണ്ടിയിരുന്നിട്ടില്ലാത്ത ലിവിങ്-ടുഗെതര്‍, ഡി.എന്‍.എ ടെസ്റ്റ് തുടങ്ങിയവ ഇനി പരിഗണിക്കേണ്ടി വരും, ഇന്‍ഷുറന്‍സ് കാലത്തിന്റെ ആവശ്യമായത് പോലെ ഇതൊക്കെ കാലത്തിന്റെ ആവശ്യമാകും.

ഇസ്‌ലാമിക രീതിയില്‍ ജീവിക്കുന്ന ആര്‍ക്കും ഇതിലൊന്നും ഒരു പരിഭവവും തോന്നേണ്ട കാര്യമില്ല. അവരെ തേടി ആരും ഡി.എന്‍.എ ടെസ്റ്റിന് വരില്ല, അവര്‍ക്ക് ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്ല. അവര്‍ ഇപ്പോഴും സ്വത്തിന്റെ രണ്ടര ശതമാനത്തിന് മുകളില്‍ സകാത്ത് കൊടുക്കുന്നുണ്ട്, അതിനു മുകളില്‍ സദഖ എന്ന ദാനധര്‍മങ്ങള്‍ നടത്തുന്നുണ്ട്. മരിച്ച സഹോദരങ്ങളുടെ ആണ്‍മക്കളെയും പെണ്‍മക്കളെയും മാത്രമല്ല കുടുംബത്തിലെ ബുദ്ധിമുട്ടുന്നവരെ മുഴുവന്‍ സഹായിക്കുന്നുണ്ട്. പ്രായമുള്ളവരെ പരിപാലിക്കുന്നുണ്ട്. കുടുംബത്തിന് പുറത്തുള്ളവരെയും നാട്ടുകാരെയും സഹായിക്കുണ്ട്, പാലിയേറ്റീവ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്, ഫുട്ബാള്‍ ഗ്രൗണ്ടിന് പോലും പണം കൊടുക്കുന്നുണ്ട്.

ആയിരത്തിലൊരു അധാര്‍മികന് വേണ്ടി ആധുനിക രീതിയിലുള്ള നിയമങ്ങള്‍ വേണം. ഈജിപ്ത്, മൊറോക്കോ, ഇന്തോനേഷ്യ മുതല്‍ സൗദി അറേബ്യ വരെ അവരുടെ നിയമങ്ങളില്‍ കാലത്തിനനുസരിച്ച മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഇല്ലെങ്കില്‍ സമൂഹം എന്ന നിലക്കും രാജ്യങ്ങള്‍ എന്ന നിലക്കും അവര്‍ക്ക് മുന്നോട്ട് പോകാനാകില്ല.

ഇന്ത്യയിലെ പ്രശ്‌നം വ്യക്തി നിയമങ്ങളെ തൊടാന്‍ പാര്‍ട്ടികള്‍ക്കും സര്‍ക്കാരുകള്‍ക്കും ഭയമാണ് എന്നതാണ്. കാരണം ധാര്‍മികരായ 999 പേരും വിചാരിക്കുന്നത് തങ്ങള്‍ക്ക് എതിരെയാണ് നിയമങ്ങള്‍ വരുന്നത് എന്നാണ്. സത്യത്തില്‍ അധാര്‍മികരായ ഒരാളെ ബാക്കിയുള്ള 999 പേര്‍ ചേര്‍ന്ന് അധാര്‍മികത ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് നിയമ പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്നത്തിലൂടെ നാമിപ്പോള്‍ കാണുന്നത്.

വ്യക്തികളുടെ ധാര്‍മികത ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികത പറയാതെ പോകരുത്. എല്ലാ മനുഷ്യരും തുല്യരാണ് എന്ന തത്വത്തില്‍ പിറന്ന ഒരു റിപ്പബ്ലിക്ക് ആണ് നമ്മുടേത്. ഭരണഘടന മാത്രമല്ല, എല്ലാ മനുഷ്യരും തത്വത്തില്‍ ഒപ്പിട്ട ഒരു സോഷ്യല്‍ കോണ്‍ട്രാക്ട് ആണ് നമുക്കിടയിലെ തുല്യത. പക്ഷെ, സഹസ്രാബ്ദങ്ങള്‍ നീണ്ട പാട്രിയാര്‍ക്കിയുടെ ഇങ്ങേയറ്റത്, ഒരു ദിവസം പെട്ടെന്ന് സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്ന ഒരു ഭരണഘടന ഉണ്ടാക്കിയ നമ്മുടെ രാഷ്ട്ര സ്ഥാപകര്‍ പരാജയപ്പെട്ടു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം സ്ത്രീകള്‍ക്ക് തുല്യ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരുന്ന ഭരണഘനയോടെയല്ല ഈ റിപ്പബ്ലിക്ക് ജനിക്കുന്നത്. പിന്നീട് ഹിന്ദു കോഡിലൂടെയും മേരി റോയ് കേസിലൂടെയും ഹിന്ദു ക്രിസ്ത്യന്‍ സ്ത്രീകള്‍ തുല്യത നേടി. മുസ്ലിം സ്ത്രീകള്‍ ഇപ്പോഴും വെളിയില്‍ നില്‍ക്കുന്നു.

മേരി റോയ്‌

മൊത്തം സമൂഹത്തിന്റെ പത്ത് ശതമാനത്തോളം വരുന്ന മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കാത്ത, അവരുമായുള്ള സോഷ്യല്‍ കോണ്‍ട്രാക്ട് ലംഘിച്ച റിപ്പബ്ലിക്കിന് ധാര്‍മികതയുണ്ട് എന്ന് പറയാനാകില്ല.

മുസ്‌ലിങ്ങള്‍, അതേ സോഷ്യല്‍ കോണ്‍ട്രാക്ടറിന്റെ ഭാഗയായി, തങ്ങള്‍ക്ക് അവകാശപ്പെട്ട തുല്യത നിലനിര്‍ത്താന്‍ നിരന്തര സമരം നടത്തുമ്പോഴും തങ്ങളുടെ തന്നെ എണ്ണത്തില്‍ പകുതി വരുന്ന സ്ത്രീകള്‍ക്ക് അതേ സോഷ്യല്‍ കോണ്‍ട്രാക്ട് നിഷേധിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുന്നു. ഒരേ സമയത്ത് ഇരയും വേട്ടക്കാരനും ആകുക വഴി സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്ന ധാര്‍മിക ഔന്നത്യം നഷ്ടപ്പെടുത്തുകയാണ് മുസ്‌ലിങ്ങള്‍.

വല്‍ക്കഷ്ണം: രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിശബ്ദതയാണ് അമ്പരപ്പിക്കുന്നത്. നിയമങ്ങള്‍ നിര്‍മിക്കുന്നതും അതില്‍ മാറ്റം വരുത്തുന്നതും അവരുടെ ജോലിയാണ്. അതിനാണ് നാട്ടുകാര്‍ വെയിലത്ത് ക്യൂ നിന്ന് അവര്‍ക്ക് വോട്ട് ചെയ്യുന്നത്. തങ്ങളുടെ വോട്ടര്‍മാരില്‍ പത്ത് ശതമാനത്തോളം വരുന്ന മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട ഒരാവശ്യം ഉയര്‍ന്നു വരുമ്പോള്‍ അവര്‍ മൗനം പാലിക്കുന്നതും മുസ്‌ലിം സംഘടനകള്‍ അഭിപ്രായം പറയട്ടെ എന്നു പറയുന്നതും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടലാണ്. ഒരു മുസ്‌ലിം സംഘടനക്കും മുസ്‌ലിം സ്ത്രീകള്‍ ക്യൂ നിന്ന് വോട്ട് ചെയ്തിട്ടില്ല, വോട്ട് ചെയ്തത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡിനെ ആരാണ് തെരഞ്ഞെടുക്കുന്നത് എന്ന് പോലും ആര്‍ക്കും അറിയില്ല. നിയമനിര്‍മാണം നടത്താന്‍ ധൈര്യമില്ലാത്തവര്‍ നിയമനിര്‍മാതാക്കളാവാന്‍ വോട്ട് ചോദിക്കരുത്.

content highlights : Essay by Farooq on Muslim Law of Succession

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more