യൂറോപ്യന്‍ ഗുണനിലവാര അവാര്‍ഡ് ഡയമണ്ട് ഫ്ളോര്‍മില്ലിന്
Dool Plus
യൂറോപ്യന്‍ ഗുണനിലവാര അവാര്‍ഡ് ഡയമണ്ട് ഫ്ളോര്‍മില്ലിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th January 2022, 7:44 pm

കൊച്ചി: കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് റോളര്‍ ഫ്ളോര്‍മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി റിസര്‍ച്ച് (ഇ.എസ്.ക്യൂ.ആര്‍) പുരസ്‌കാരം. ദുബായില്‍ നടന്ന ഇ.എസ്.ക്യൂ.ആര്‍ കണ്‍വെന്‍ഷനില്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അമീര്‍ അലി, ഡയറക്ടര്‍ എ. മുത്തുബീവി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ആഗോളതലത്തില്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, ഈ മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുക, നല്ല ബിസിനസ് രീതികളെ അംഗീകരിക്കുക, അവയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലാന്‍ഡിലെ ലോസാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി റിസര്‍ച്ച്.

ഇന്ത്യയില്‍ നിന്നും ആദ്യമായിട്ടാണ് ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. കമ്പനിക്ക് മുന്‍വര്‍ഷങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ മന്ത്രാലയങ്ങളുടെ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

ഇതിന് പുറമെ സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ഐ.ഡിയും മാഡ്രിഡ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വേള്‍ഡ് ക്വാളിറ്റി കമ്മിറ്റ്മെന്റ് അവാര്‍ഡിന്റെ ഗോള്‍ഡ് കാറ്റഗറിയും, പ്ലാറ്റിനം സ്റ്റാര്‍ കാറ്റഗറി അവാര്‍ഡുകളും കമ്പനി കരസ്ഥമാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അമീര്‍ അലി, ജനറല്‍ മാനേജര്‍ ഇ.കെ. ഷാജഹാന്‍, ജനറല്‍ മാനേജര്‍ ടെക്നിക്കല്‍ ആര്‍. രംഗസ്വാമി എന്നിവര്‍ അറിയിച്ചു.

Indian foodstuff major Diamond Roller Flour Mills achieves Swiss quality  endorsement in Dubai | ZAWYA MENA Edition

50 വര്‍ഷത്തിലധികമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ തങ്ങള്‍ സജീവമാണെന്നും 1989 മുതലാണ് ഡയമണ്ട് റോളര്‍ ഫ്ളോര്‍മില്‍സ് നടത്തിവരുന്നതെന്നും ടി.കെ. അമീര്‍ അലി പറഞ്ഞു. ഡയമണ്ട് ബ്രാന്‍ഡിലുള്ള ചക്കി ആട്ട, മൈദ, റവ, റിസള്‍ട്ടന്റ് ആട്ട എന്നിവയാണ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍.

2013 മുതല്‍ ഇറക്കുമതി ചെയ്തതും കരസ്പര്‍ശം ആവശ്യമില്ലാത്തതും പൂര്‍ണമായും ഓട്ടോമാറ്റിക്കായി വിദൂര നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മെഷീനിലൂടെയാണ് മുഴുവന്‍ ഉല്‍പാദനവും നടത്തുന്നത്. ലോകപ്രശസ്ത മില്ലിംഗ് മെഷിനറി നിര്‍മ്മാതാക്കളായ സ്വിറ്റസര്‍ലാന്‍ഡിലെ ബ്യൂളര്‍ എജിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മുഴവന്‍ ഉപകരണങ്ങളും സ്ഥാപിച്ച ഇന്ത്യയിലെ ഒരേയൊരു പ്ലാന്റാണിത്.

കമ്പനിയുടെ വികസനത്തിന്റെ ഭാഗമായി ഏറ്റവും അത്യാധുനികമായ സ്വിറ്റ്സര്‍ലാന്‍ഡ് നിര്‍മിത പുതിയ മെഷിനറികള്‍ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് കമ്പനി. ഗുണമേന്മക്ക് മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ നല്‍കുന്ന അഗ്മാര്‍ക്ക് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 2014 മുതല്‍ കമ്പനി കയറ്റുമതി രംഗത്തുണ്ട്.

DIAMOND ROLLER FLOUR MILL- KOTTAYAM, KERALA

കമ്പനിയുടെ പ്രധാന വിപണി കേരളവും, തമിഴ്നാടുമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കമ്പനി ഉല്‍പന്നങ്ങള്‍ 2014 മുതല്‍ കയറ്റുമതി ചെയ്യുന്നു. സമീപ ഭാവിയില്‍ റെഡി ടു ഈറ്റ് ഉല്‍പ്പന്ന വിപണിയിലേക്കും കൂടി കടക്കാനാണ് പദ്ധതിയെന്ന് ഡയറക്ടര്‍ എ. മുത്തുബീവി പറഞ്ഞു.

ഗോതമ്പിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സോര്‍ട്ടക്സ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ ഉല്പാദകര്‍ അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന കൂറ്റന്‍ സ്റ്റീല്‍ സംഭരണികളിലാണ് ഇവ സൂക്ഷിക്കുന്നതെന്നും ജനറല്‍ മാനേജര്‍ ഇ.കെ. ഷാജഹാന്‍ പറഞ്ഞു.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും സജ്ജീകരിച്ചിരിക്കുന്ന ഒരു ഇന്‍-ഹൗസ് ലാബ് സംവിധാനവും ഉണ്ട്. അസംസ്‌കൃത വസ്തുക്കളുടെ തിരഞ്ഞെടുക്കല്‍, സംസ്‌കരണം, സംഭരണം, പാക്കിംഗ്, ഡെലിവറി തുടങ്ങി സമസ്ഥമേഖലകളിലും കര്‍ശനമായും ശുചിത്വം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.