| Sunday, 20th September 2020, 3:01 pm

ചാരവൃത്തി; അറസ്റ്റിലായ ജേണലിസ്റ്റ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ രാജീവ് ശര്‍മ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന റിപ്പോര്‍ട്ട്. ദ ഹിന്ദുവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഫ്രീലാന്‍സ് ജേണലിസ്റ്റായ രാജീവ് ശര്‍മ അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങള്‍, സേനാവിന്യാസം, ആയുധ സംഭരണം, വിദേശനയം എന്നീ സുപ്രധാന വിവരങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് ആരോപിച്ച് ദല്‍ഹി പൊലീസാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

രാജീവ് ശര്‍മ്മയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹം വിവേകാനന്ദ ഫൗണ്ടേഷനു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ പേജില്‍ നിന്ന് നീക്കം ചെയ്തതായും ദ ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ഷെല്‍ കമ്പനിയുടെ പേരില്‍ പണം കൈമാറിയിരുന്ന ചൈനീസ് യുവതി ക്വിങ് ഷി, കൂട്ടാളി നേപ്പാളി സ്വദേശി ഷേര്‍സിങ്ങ് എന്നിവരെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ക്ക് വേണ്ടിയും ചൈനയിലെ ഗ്ലോബല്‍ ടൈംസിന് വേണ്ടിയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ രാജീവ് ശര്‍മ്മ എഴുതിയിരുന്നു. ഒന്നരവര്‍ഷത്തിനിടെ 40 ലക്ഷം രൂപയാണ് വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്ക് പ്രതിഫലമായി ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മൈക്കല്‍ 2016ല്‍ ബന്ധപ്പെടുകയും 2018വരെ രാജീവ് ശര്‍മ്മ തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് മൈക്കിളുമായി ശര്‍മ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് മികച്ച വാഗ്ദാനം ലഭിച്ചതോടെ ചൈന സന്ദര്‍ശിക്കുകയും ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പ്രതിരോധ വിവരങ്ങള്‍ നല്‍കി തുടങ്ങുകയും ചെയ്തു.

ശര്‍മയുടെ ചൈന സന്ദര്‍ശനത്തിനായുള്ള എല്ലാ ചെലവുകളും വഹിച്ചിരുന്നത് മൈക്കലാണ്. 2010നും 2014നും ഇടയില്‍ ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ ശര്‍മ തായ്ലന്‍ഡും നേപ്പാളും സന്ദര്‍ശിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

2019ല്‍ ശര്‍മ മറ്റൊരു ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ജോര്‍ജ്ജുമായി ബന്ധപ്പെടുകയും ഇന്ത്യന്‍ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: espionage vivekananda foundation collaborator arrested

We use cookies to give you the best possible experience. Learn more