| Thursday, 23rd January 2020, 12:22 pm

'നിങ്ങള്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ ആവട്ടെ, വോട്ട് ആംആദ്മിക്ക് ചെയ്യൂ'; ദല്‍ഹിയില്‍ ഭരണം നിലനിര്‍ത്താന്‍ സജീവ പ്രചാരണവുമായി ആംആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ആംആദ്മിയുടെ പ്രചാരണത്തിനായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുണ്ട്. വോട്ടര്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ ബി.ജെ.പി പ്രവര്‍ത്തകരാണോ എന്നതല്ല, വോട്ട് ആംദ്മിക്ക് തന്നെ ചെയ്യൂവെന്ന് കെജ്‌രാവാള്‍ വോട്ടര്‍മാരോട് പറഞ്ഞു.

‘നിങ്ങള്‍ക്ക് നിങ്ങളുടെ പാര്‍ട്ടിയെ പിന്തുണക്കാം. പക്ഷെ…നിങ്ങള്‍ ആംആദ്മിക്ക് വോട്ട് ചെയ്യൂ. നിങ്ങള്‍ മറ്റു പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ നമ്മള്‍ ദല്‍ഹിയിലെ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും വേണ്ടി ചെയ്ത പ്രവര്‍ത്തികളെല്ലാം വെറുതെയാവും.’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഇന്നും അരവിന്ദ് കെജ്‌രിവാള്‍ നിരവധി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പൗരത്വഭേദഗഗതി നിയമത്തിലും കെജ്രിവാള്‍ വ്യക്തമായ നിലപാട് അറിയിച്ചു.

‘ആംആദ്മി പാര്‍ട്ടി ആദ്യം മുതല്‍ പൗരത്വഭേദഗതി നിയമത്തിനെതിരാണ്. ഞങ്ങള്‍ അതിനെ പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു. ഞാന്‍ നടത്തിയ റാലികളിലും അഭിമുഖങ്ങളിലുമെല്ലാം നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദല്‍ഹി തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് ദല്‍ഹി വിഷയങ്ങളാണ്.’ കെജ്‌രിവാള്‍ പറഞ്ഞു.

ഫെബ്രുവരി 8 ന് നടക്കുന്ന ദല്‍ഹി തെരഞ്ഞെടുപ്പില് 1542 നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ദല്‍ഹിയില്‍ പ്രചാരണത്തിനായി കോണ്‍ഗ്രസ് സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, നവജ്യോത് സിങ് സിദ്ദു തുടങ്ങിയവരാണ് രാജ്യതലസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ പ്രചാരണത്തിന് ഇറങ്ങുക.

ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗല്‍, കമല്‍നാഥ് വി. നാരാണസ്വാമി എന്നിവരും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിന്‍ ലിസ്റ്റില്‍ ഉണ്ട്.

ഫെബ്രുവരി 11 നാണ് ദല്‍ഹിയില്‍ വോട്ടെണ്ണല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more