ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ നികുതി അടക്കാത്ത വരുമാനം 520 കോടിയോളം രൂപയെന്ന് ആദായനികുതി വകുപ്പ് ദല്‍ഹി ഹൈക്കോടതിയില്‍. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ പാര്‍ട്ടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ഹരജിയില്‍ കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. കോണ്‍ഗ്രസിന്റെ നികുതി കുടിശ്ശിക 520 കോടി രൂപയാണെന്ന് ആദായനികുതി വകുപ്പ് ഹൈക്കോടതിയില്‍ പറഞ്ഞു.
2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശ്ശിക കൂട്ടിയാണ് ഇതെന്ന് ആദായനികുതി വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സോഹേബ് ഹുസൈന്‍ കോടതിയെ അറിയിച്ചു.
വാദം പൂര്‍ത്തിയായ ശേഷം കേസ് വിധി പറയാന്‍ മാറ്റിവെച്ചെന്ന് കോടതി അറിയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹരജി അടുത്തിടെ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
കുടിശ്ശികയുള്ള നികുതി തിരിച്ചുപിടിക്കാന്‍ മാര്‍ച്ചില്‍ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ആദായനികുതി വകുപ്പിന്റെ ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി അന്ന് വിധിച്ചു.
നടപടി റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളിയതിന് പിന്നാലെയാണ് ഹരജിയുമായി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചത്.
Content Highlight: Escaped income by the Congress is more than 520 crore: IT Department tells Delhi High Court