മുണ്ടക്കയം: പെരുവന്താനം തെക്കെ മലയില്‍ പൊതുവഴിയടച്ച് ഗേറ്റ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ എ.ഡി.എമ്മിനെ മര്‍ദിച്ചു. ഇന്ന് രാവിലെ 11 മണിയോടെ യായിരുന്നു സംഭവം. സംഭവത്തില്‍ ബിജിമോള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം താന്‍ എ.ഡി.എമ്മിനെ തല്ലിയിട്ടില്ലെന്ന് ഇ.എസ് ബിജിമോള്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ എ.ഡി.എമ്മിനെ ആള്‍ക്കുട്ടത്തില്‍ നിന്നും തള്ളിമാറ്റുകയാണ് ചെയ്തതെന്നും താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ എ.ഡി.എമ്മിനെ നാട്ടുകാര്‍ പഞ്ഞിക്കിടുമായിരുന്നുവെന്നും ബിജിമോള്‍ പറഞ്ഞു.
മുണ്ടക്കയം ടി ആന്‍ഡ് ടി റബര്‍ എസ്‌റ്റേറ്റ് കമ്പനി പൊതുവഴി അടച്ച് ഗേറ്റ് സ്ഥാപിച്ചത് ചോദ്യം ചെയ്ത് സ്ഥലവാസി മനുഷ്യാവകാശ കമ്മീഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കി. കമ്മീഷന്റെ നിര്‍ദേശപ്രകാരം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നേരിട്ടെത്തി ഗേറ്റ് നീക്കി വഴിതുറന്നുകൊടുത്തു. എന്നാല്‍ കമ്പനി കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. ഈ കോടതി ഉത്തരവ് നടപ്പാക്കാനെത്തിയതായിരുന്നു പീരുമേട് എ.ഡി.എം മോന്‍സി പി അലക്‌സാണ്ടര്‍.
ഇതേ തുടര്‍ന്ന് എം.എല്‍.എയും നാട്ടുകാരും റോഡ് ഉപരോധിക്കുകയായിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ എ.ഡി.എമ്മിനെ തടഞ്ഞതോടെ കൂടുതല്‍ പോലീസ് എത്തിയതോടെ ഉപരോധം സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. ഇതിനിടെ ബിജിമോള്‍ എ.ഡി.എമ്മിന്റെ കരണത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.