| Saturday, 17th June 2023, 11:50 am

ഒറ്റ സിക്‌സോ ഫോറോ ഇല്ലാതെ 50 ഓവറില്‍ 374 റണ്‍സ് 😳😳; സ്‌കോര്‍ ബോര്‍ഡ് കണ്ട് അന്തംവിട്ട് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോര്‍ ബോര്‍ഡ് കണ്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. തകാഷിങ്ക ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് – യു.എ.ഇ മത്സരത്തിന്റെ സ്‌കോര്‍ ബോര്‍ഡാണ് ആരാധകരില്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് വിന്‍ഡീസ് 50 ഓവറില്‍ 374 റണ്‍സ് നേടിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതില്‍ അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല, എന്നാല്‍ ഒറ്റ ബൗണ്ടറിയോ സിക്‌സറോ ഇല്ലാതെയാണ് വിന്‍ഡീസ് ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയതെന്ന് പറഞ്ഞാലോ? ഏതൊരു ആരാധകനും അമ്പരന്നുപോകും.

ക്രിക്ബസ്സില്‍ ഈ മത്സരത്തിന്റെ സ്‌കോര്‍ ബോര്‍ഡ് നോക്കുന്ന ഏതൊരു ആരാധകനും ഈ കാഴ്ചയാണ് കാണാന്‍ സാധിക്കുക. എന്നാല്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ യു.എ.ഇ ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിട്ട് തന്നെയാണ് ഈ സ്‌കോര്‍ സ്വന്തമാക്കിയത്. പക്ഷേ സൈറ്റില്‍ വന്നതാകട്ടെ ഒറ്റ ബൗണ്ടറി പോലും നേടാതെയാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്ന തരത്തിലുള്ള സ്‌കോര്‍ ബോര്‍ഡും.

എന്നാല്‍ യു.എ.ഇ ഇന്നിങ്‌സിലെ സിക്‌സറുകളുടെയും ബൗണ്ടറികളുടെയും എണ്ണം കൃത്യമായി നല്‍കിയെന്നതും ആരാധകരുടെ സംശയം ഇരട്ടിയാക്കി.

മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്‌കോര്‍ബോര്‍ഡ് ഇനിയും (ശനി, 11.30AM) തിരുത്തിയിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം. ക്രിക്കറ്റ് സ്‌കോറും അപ്‌ഡേറ്റുകളും അറിയാനായി ഭൂരിഭാഗം ആരാധകരും ആശ്രയിക്കുന്ന സൈറ്റാണ് ക്രിക്ബസ്സ്.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ സ്‌കോര്‍ ബോര്‍ഡ് അനുസരിച്ച് 29 ബൗണ്ടറിയും 17 സിക്‌സറും വിന്‍ഡീസ് ഇന്നിങ്‌സില്‍ പിറന്നിട്ടുണ്ട്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിനായി മിഡില്‍ ഓര്‍ഡറില്‍ റോവ്മന്‍ പവല്‍ തകര്‍ത്തടിച്ചു. താരത്തിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 55 പന്തില്‍ 190.91 എന്ന സ്ട്രൈക്ക് റേറ്റില്‍ എട്ട് വീതം സിക്സറും ബൗണ്ടറിയുമടക്കം 105 റണ്‍സാണ് പവല്‍ അടിച്ചുകൂട്ടിയത്.

പവലിന് പുറമെ അര്‍ധ സെഞ്ച്വറി തികച്ച നിക്കോളാസ് പൂരനും കീമോ പോളും വിന്‍ഡീസ് നിരയില്‍ കുത്ത് കാട്ടി. പൂരന്‍ 67 പന്തില്‍ നിന്നും അഞ്ച് വീതം ബൗണ്ടറിയും സിക്‌സറും അടക്കം 74 റണ്‍സ് നേടിയപ്പോള്‍ കീമോ പോള്‍ 50 പന്തില്‍ നിന്നും നാല് സിക്‌സറും നാല് ബൗണ്ടറിയുമായി 54 റണ്‍സും അടിച്ചെടുത്തു. ഇവരുടെ ഇന്നിങ്സിന്റെ കരുത്തില്‍ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്കായി ബേസില്‍ ഹമീദ് സെഞ്ച്വറിയും വൃത്യ അരവിന്ദ് അര്‍ധ സെഞ്ച്വറിയും നേടിയെങ്കിലും വിജയിക്കാന്‍ പോരാതെ വരികയായിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് മാത്രമാണ് യു.എ.ഇക്ക് നേടാന്‍ സാധിച്ചത്. ഇതോടെ വിന്‍ഡീസ് 114 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content highlight: Error on Cricbuzz scoreboard

We use cookies to give you the best possible experience. Learn more