World News
ഐ.സി.സി വാറണ്ടില്‍ പിഴവ്; യുദ്ധക്കുറ്റത്തില്‍ അറസ്റ്റിലായ ലിബിയന്‍ ഉദ്യോഗസ്ഥനെ വിട്ടയച്ച് ഇറ്റലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 05, 04:43 pm
Wednesday, 5th February 2025, 10:13 pm

റോം: യുദ്ധക്കുറ്റത്തില്‍ അറസ്റ്റിലായ ലിബിയന്‍ സൈനിക ഉദ്യോഗസ്ഥനെ വിട്ടയച്ച് ഇറ്റലി. അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ലിബിയന്‍ ഉദ്യോഗസ്ഥനെ വിട്ടയാക്കാതെ മറ്റൊരു നിവര്‍ത്തിയില്ലെന്ന് ഇറ്റാലിയന്‍ നീതിന്യായ മന്ത്രി കാര്‍ലോ നോര്‍ഡിയോ പറഞ്ഞു. വാറണ്ടിലെ പൊരുത്തക്കേടുകളില്‍ ഐ.സി.സിയോട് വിശദീകരണം തേടുമെന്നും നോര്‍ഡിയോ പ്രതികരിച്ചു.

ലിബിയയില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ കൊലപ്പെടുത്തിയെന്നും പീഡിപ്പിച്ചെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് സൈനികനെതിരായ കേസ്.

കേസില്‍ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ, ജനുവരിയില്‍ ഇറ്റലി സൈനികനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒസാമ എല്‍മാസ്രി എന്‍ജീമിനെയാണ് ഇറ്റലി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളെ രണ്ട് ദിവസം മുമ്പ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് മാറ്റുകയായിരുന്നു.

പിന്നാലെ സൈനികന്റെ മോചനത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ലിബിയയില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള കരാറുകള്‍ ഉണ്ടായതായി സംശയിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ഭാഗം.

അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പീഡകനെ മോചിപ്പിക്കാനുള്ള നിങ്ങളുടെ തീരുമാനം ഇറ്റലിയുടെ അന്താരാഷ്ട്ര വിശ്വാസ്യതയില്‍ മങ്ങല്‍ വീഴ്ത്തിയിരിക്കുന്നുവെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി എല്ലി ഷ്‌ലൈന്‍ പറഞ്ഞു.

തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, രണ്ട് മന്ത്രിമാര്‍, കാബിനറ്റ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കാര്‍ലോ നോര്‍ഡിയോയാണ് അന്വേഷണം നേരിടുന്ന മന്ത്രിമാരില്‍ ഒരാള്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നോര്‍ഡിയോയും ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്റേഡോസിയും നിഷേധിച്ചു. സംഭവത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇറ്റലിയോട് വിശദീകരണം തേടിയിട്ടുണ്ട്.

Content Highlight: Error in ICC warrant; Italy frees Libyan officer arrested for war crimes