എറണാകുളം: നിപ സംശയക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപതികരമെന്ന് എറണാകുളം ഡി.എംഒ. യുവാവ് രാവിലെ ഭക്ഷണം കഴിച്ചെന്നും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.
യുവാവിന് നിപയുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൂണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി ലഭിച്ചാലെ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതിരോധ നടപടികളുടെ ഭാഗമായി കളമശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള വിദ്ഗ്ധ സംഘം കൊച്ചിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.
മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. രണ്ട് നഴ്‌സുമാരും ഒരു റിസര്‍ച്ച് അസിസ്റ്റന്റും സംഘത്തില്‍ ഉണ്ട്. ആരോഗ്യ മന്ത്രിയും കൊച്ചിയിലേക്ക് പോയിട്ടുണ്ട്.
നിലവില്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകള്‍ ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മരുന്ന് എത്തിക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്.
(ഫയല്‍ ചിത്രം)