ചിത്രം കടപ്പാട്- മുഹമ്മദ് ഇബ്രാഹിം അബ്ദുല്‍സമദ് (ഫേസ്ബുക്ക്)
കൊച്ചി: കലാലയ രാഷട്രീയം നിരോധിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിരേറ്റത് സംഘടനകളുടെ കൊടികള്‍ക്കും തോരണങ്ങള്‍ക്കുമിടയിലൂടെ. എറണാകുളം ലോ കോളേജിലെ പരിപാടിക്കെത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗാണ് വിദ്യാര്‍ത്ഥികളുടെ “പ്രതികാരം” നേരിടേണ്ടി വന്നത്.
പ്രതിഷേധിക്കാന്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഒരുക്കി വിദ്യാര്‍ത്ഥികള്‍ കാത്തിരുന്നങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. എങ്കിലും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ശക്തമായ പ്രാതിനിധ്യമുള്ള ലോ കോളേജ് പരിസരത്ത് സംഘടനകളുടെ മുദ്രാവാക്യങ്ങളും മറ്റും എഴുതിയ ബാനറുകള്‍ ഉണ്ടായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചീഫ് ജസ്റ്റിസ് കൊടി തോരണങ്ങള്‍ക്കിടയിലൂടെ നടന്നുപോകുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ലോ കോളേജിന്റെ പ്രതികാരം എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പ്രചരിച്ചിരുന്നത്.
പുസ്തകപ്രകാശന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ലോ കോളേജില്‍ എത്തിയത്. പരിപാടിക്കു ശേഷം വിദ്യാര്‍ത്ഥികളുമായുള്ള സംസാരത്തിനിടയിലും കോടതിയില്‍ സ്വീകരിച്ച നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.
നിയമപരമായി അവകാശങ്ങളെല്ലാം നേടിയെടുക്കാമെന്നിരിക്കെ എന്തിനാണ് സത്യാഗ്രഹത്തിനും ധര്‍ണ്ണക്കും പോകുന്നതെന്നായിരുന്നു ചോദ്യങ്ങള്‍ക്കുള്ള ചീഫ് ജസ്റ്റിസിന്റെ മറുപടിയെന്ന് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആര്യശ്രീ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നവനീതി പ്രസാദ് സിംഗ് ഉള്‍പ്പെട്ട ബെഞ്ച് കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കലാലയങ്ങളില്‍ പഠിക്കാനാണ് വരേണ്ടതെന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടവര്‍ പുറത്ത് നടത്തിയാല്‍ മതിയെന്നുമായിരുന്നു ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്.
രാഷ്ട്രീയ-സാസ്‌കാരിക പ്രവര്‍ത്തകര്‍ കോടതി ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ സമരം ചെയ്യേണ്ടവര്‍ മറൈന്‍ ഡ്രൈവില്‍ പോയി സമരം ചെയ്യണമെന്നു പറഞ്ഞ കോടതി നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.