കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ലാ സെഷൻ കോടതി. മുകേഷിന്റെ ഹരജിക്ക് പിന്നാലെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിന് ശേഷം അടുത്ത കേസ് വീണ്ടും സെപ്റ്റംബർ മൂന്നിന് പരിഗണിക്കും.
തനിക്കെതിരെയുള്ള കേസിലും പരാതിയിലും ഗൂഢാലോചനയുണ്ടെന്നും തന്നെ ബ്ലാക്‌മെയ്ൽ ചെയ്യാനാണ് ഈ പരാതിക്കാരി ശ്രമിച്ചതെന്നും താൻ വഴങ്ങാത്തതിനാലാണ് തനിക്കെതിരെ ഇത്തരം ഒരു പരാതിയുമായി അവർ രംഗത്ത് വന്നതെന്ന് മുകേഷ് ആരോപിച്ചു.
പരാതിക്കാരിയുടെ പ്രവർത്തികളിൽ മറ്റ് പല ലക്ഷ്യങ്ങളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു. പരാതിക്കാരി തന്നെ ബ്ലാക്‌മെയ്ൽ ചെയ്തതിന്റെ ഡിജിറ്റൽ രേഖകൾ കൈവശമുണ്ടെന്നും മറ്റൊരു ഇടനിലക്കാരൻ വഴി പണം ആവശ്യപ്പെട്ടതിന്റെ സ്ക്രീൻ ഷോട്ടുകളും തന്റെ കയ്യിലുണ്ടെന്ന് മുകേഷ് പറഞ്ഞു.
ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു ഹരജി കോടതിയിൽ എത്തിയത്. മുകേഷ് കൊച്ചിയിലെത്തി ചില അഭിഭാഷകന്മാരുമായി ബന്ധപ്പെട്ടെന്ന വിവരം മാധ്യമങ്ങൾക്ക് ആദ്യമേ തന്നെ കിട്ടിയിരുന്നു. എന്നാൽ എവിടേക്കാണ് ഹരജി ഫയൽ ചെയ്യുക എന്നത് അവ്യക്തമായിരുന്നു.
മരട് പൊലീസാണ് മുകേഷിനെതിരെ കൊച്ചിയിലെ നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
മുകേഷിനെതിരെ മൂന്ന് പേരാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. അതില്‍ ഒരാളുടെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നേരത്തെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
Content Highlight: Ernakulam District Court stopped Mukesh’s arrest