'പൊലീസ് വ്യാപകമായ മര്‍ദ്ദനം അഴിച്ചുവിട്ടു'; എല്‍ദോ എബ്രഹാമിന് പരിക്കേറ്റ സംഭവത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്
Kerala News
'പൊലീസ് വ്യാപകമായ മര്‍ദ്ദനം അഴിച്ചുവിട്ടു'; എല്‍ദോ എബ്രഹാമിന് പരിക്കേറ്റ സംഭവത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2019, 4:54 pm

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്കു ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ പൊലീസിനെതിരെ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. എം.എല്‍.എയ്ക്കു മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പൊലീസിനു വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രത്യേക ദൂതന്‍ മുഖാന്തിരമാണ് കളക്ടര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയത്.

‘സി.പി.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് വ്യാപകമായ മര്‍ദ്ദനം അഴിച്ചുവിട്ടു. ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന വിവരം അന്നു രാവിലെയാണ് പൊലീസ് അറിഞ്ഞത്. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ആരെയും സ്ഥലത്തേക്കു വിളിച്ചില്ല.’- റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ നേരത്തേ ചുമത്തിയിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ഒന്നാം പ്രതിയും എല്‍ദോ രണ്ടാം പ്രതിയുമാണ്.

സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ പത്ത് പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തിയതെന്നും മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

അതേസമയം ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഡാലോചനയെന്ന് ജില്ലാ സെക്രട്ടറി പി.രാജു ആരോപിച്ചു. ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്നും കേസ് അട്ടിമറിക്കാന്‍ എം.എല്‍.എയുടെ പരിക്ക് സംബന്ധിച്ച തെളിവുകള്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയ പൊലീസിന്റെ നടപടി തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസ് മനപ്പൂര്‍വം ഉണ്ടാക്കിയ തെളിവുകളാണ് പുറത്തുവിട്ടതെന്നും പൊലീസിന്റേത് ശരിയായ നടപടിയല്ലെന്നും പി.രാജു വിമര്‍ശിച്ചു.