അന്‍വര്‍ വന്ന കാലില്‍ തിരിച്ചു പോകില്ല, മുട്ടിലിഴയേണ്ടി വരും; അഡ്വ. ജയശങ്കറിന് പിന്തുണയുമായി കോണ്‍ഗ്രസ്
Kerala News
അന്‍വര്‍ വന്ന കാലില്‍ തിരിച്ചു പോകില്ല, മുട്ടിലിഴയേണ്ടി വരും; അഡ്വ. ജയശങ്കറിന് പിന്തുണയുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2024, 8:18 pm

കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്ന അഡ്വ. എ. ജയശങ്കറിന് പിന്തുണയുമായി എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസം അഡ്വ. ജയശങ്കറിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ തലയില്‍ മലിനജലമൊഴിക്കുമെന്നും ഉടുമുണ്ട് ഉരിക്കുമെന്നും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എറണാകുളം ഡി.സി.സി. ജയശങ്കറിന് പിന്തുണമായുമായി രംഗത്തെത്തിയിരിക്കുന്നത്.

അന്‍വര്‍ പറഞ്ഞത് പോലെ ചെയ്യാന്‍ ജയശങ്കറിന്റെ എറണാകുളത്തെ വീട്ടിലേക്ക് വന്നാല്‍ അന്‍വര്‍ വന്ന കാലില്‍ തിരിച്ചു പോകില്ലെന്നും മുട്ടിലിഴഞ്ഞ് പോകേണ്ടി വരുമെന്നും മുഹമ്മദ് ഷിയാസ് ഭീഷണി മുഴക്കി. കേരളത്തിലും ദേശീയതലത്തിലും സംഘപരിവാറിനെ എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.

‘രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കറിനെതിരായ വളരെ മോശമായ പരാമര്‍ശങ്ങളാണ് പി.വി. അന്‍വര്‍ നടത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെയുള്ള നാടാണ് നമ്മുടേത്. ആര്‍ക്കും ഏത് അഭിപ്രായങ്ങലും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ജയശങ്കറിന്റെ ഉടുവസ്ത്രം ഉരിയുമെന്നും മാലിന്യം തലയിലൊഴിക്കുമെന്നും പറഞ്ഞ അന്‍വര്‍ ഒരു കാര്യം ഓര്‍ക്കണം, ഇത് എറണാകുളാണ്. ഇവിടെ വന്ന് ഇതുപോലെ ചെയ്തിട്ട് തിരിച്ചുപോകാമെന്ന് അന്‍വര്‍ കരുതേണ്ട. അതിനായി അന്‍വര്‍ എറണാകുളത്തേക്ക് വരേണ്ട. അങ്ങനെ വന്നാല്‍ അന്‍വര്‍ മുട്ടിലിഴഞ്ഞ് പോകേണ്ടി വരും,’ മുഹമ്മദ് ഷിയാസ് പറഞ്ഞു.

അന്‍വര്‍ തന്റെ പാരമ്പര്യമായി ഉയര്‍ത്തിക്കൊട്ടുന്നത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പൂര്‍വീകരെയും അവരുടെ കോണ്‍ഗ്രസ് ബന്ധത്തെയുമാണെന്നും അങ്ങനെയുള്ള അന്‍വര്‍ എന്തിനാണ് സംഘപരിവാറിനെ സഹായിക്കുന്ന സി.പി.ഐ.എമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തെ പിന്തുണക്കുന്നത് എന്നും ഷിയാസ് ചോദിക്കുന്നു.

പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ സി.പി.ഐ.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസുമായും സംഘപരിവാറുമായും സന്ധിയില്ലാത്ത പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായ പശ്ചാത്തലത്തില്‍ നടന്ന ഒരു ചര്‍ച്ചയില്‍ അഡ്വ. ജയശങ്കര്‍ അന്‍വര്‍ തീവ്രവാദിയാണെന്ന തരത്തിലുള്ള പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ ജയശങ്കറിനെ വീട്ടിലെത്തി കൈകാര്യം ചെയ്യുമെന്നും തലയില്‍ കൂടി കക്കൂസ് മാലിന്യം ഒഴിക്കുമെന്നും ഉടുമുണ്ട് വലിച്ചുരിയുമെന്നും പറഞ്ഞത്.

content highlights: Ernakulam DCC supports Adv. Jayashankar  In P.V. Anwar’s challenge