കൊച്ചിയില്‍ ഡോക്ടര്‍ വീടൊഴിഞ്ഞ് പോകണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍; നടപടിയെടുത്ത് ജില്ലാ കളക്ടര്‍ എസ് സുഹാസ്
COVID-19
കൊച്ചിയില്‍ ഡോക്ടര്‍ വീടൊഴിഞ്ഞ് പോകണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍; നടപടിയെടുത്ത് ജില്ലാ കളക്ടര്‍ എസ് സുഹാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th April 2020, 10:02 pm

കൊച്ചി: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടറോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട റസിഡന്റ്‌സ് അസോസിയേഷന്‍ ഭരവാഹികള്‍ക്കെതിരെ നടപടിയെടുത്ത് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് വിവേചനപരമായ പെരുമാറ്റമുണ്ടായാല്‍ ഇന്ത്യന്‍ എപിഡമിക് ഡിസീസ് ആക്ട് പ്രകാരം നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു. എല്ലാ സുരക്ഷാ മാദണ്ഡങ്ങളും പാലിച്ച് ജോലി ചെയ്യുന്ന ഡോക്ടറോടാണ് കൊച്ചിയില്‍ റസിഡന്റ്‌സ് അസോസിയോഷന്‍ ഭാരവാഹികള്‍ വാടകവീട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടത്.

വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് അപലപനീയവും അപരിഷ്‌കൃതവുമാണെന്ന് കളക്ടര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെ വ്യക്തികളോ സ്ഥാപനങ്ങളോ അസോസിയേഷനുകളോ ഗ്രൂപ്പുകളോ പൊതുസമൂഹമോ ഇത്തരത്തില്‍ പെരുമാറിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

രോഗത്തിനെതിരെ കൂട്ടായ പ്രതിരോധമാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ പൗരനും ഇതില്‍ പങ്കാളികളാകേണ്ടതാണ്. ഈ ഘട്ടത്തില്‍ രാവും പകലും ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് മനസിലാക്കാതെ പ്രവകര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.