ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രകോപിതരാകരുത്; അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ മാര്‍ മനത്തോടത്തിന്റെ ഇടയലേഖനം
Kerala News
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രകോപിതരാകരുത്; അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ മാര്‍ മനത്തോടത്തിന്റെ ഇടയലേഖനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 7:59 am

 

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതാ വിവാദ ഭൂമിയിടപാടില്‍ പുതിയ അപ്പോസ്തലിക അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഇടയലേഖനം. നിലവില്‍ ഭൂമി ഇടപാടിന്റെ പേരില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.  അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷമുള്ള മനത്തോടത്തിന്‍റെ ആദ്യ ഇടയലേഖനമാണിത്.

എറണാകുളം അതിരൂപതാ പള്ളികളിലാണ് ഈ ഇടയലേഖനം വായിക്കുക.

Image result for jacob manathodath

“അതിരൂപതയുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ ശാന്തമായി നേരിടാന്‍ ഒരുമിച്ച് പരിശ്രമിക്കണം. അനാവശ്യ ചര്‍ച്ചകള്‍, സംസാരങ്ങള്‍ എന്നിവ ഒഴിവാക്കണം. വാസ്തവമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണം. ആരൊക്കെ എന്തെഴുതിയാലും പ്രകോപിതരാകരുതെന്നും” ഇടയലേഖനത്തില്‍ പറയുന്നു.


ALSO READ: നിരോധനാജ്ഞ നിലനില്‍ക്കെ ചിറക്കടവില്‍ വീണ്ടും സംഘര്‍ഷം; സംഘര്‍ഷത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു


എറണാകുളം അങ്കമാലി അതിരൂപത ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനാണ് വത്തിക്കാന്‍ തന്നെ നിയമിച്ചിരിക്കുന്നതെന്ന് ഇടയലേഖനത്തില്‍ മാര്‍ മനത്തോടത്ത് പറയുന്നു.

അതേസമയം അതിരൂപതയുടെ ചുമതല താന്‍ നിര്‍വഹിക്കുന്നുണ്ടെങ്കിലും മാര്‍ ആലഞ്ചേരി തന്നെയാകും എറണാകുളം -അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തയെന്നും ഇടയലേഖനത്തില്‍ പറയുന്നു.

അടുത്ത പത്ത് ദിവസം താന്‍ വിദേശത്തായിരിക്കുമെന്നും ഈ സമയത്ത് റോമിലെത്തി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും മാര്‍ മനത്തോടത്ത് പറയുന്നു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണമുയര്‍ന്നിരുന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

അലക്സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്.

50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.