കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്. സുതാര്യമായ തെരഞ്ഞെടുപ്പല്ല നടന്നതെന്നും ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് വൈദികര്‍ സിനഡിന് പരാതി നല്‍കിയത്.
“ചുമതലപെടുത്താത്ത കാര്യങ്ങളിലുള്‍പ്പെടെ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പ്രസ്താവനകള്‍ നടത്തുകയും വൈദിക സമിതിയുടെ പേരില്‍ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിന് സമിതിയുടെ മുഴുവന്‍ പിന്തുണയില്ല.”
സീറോ മലബാര്‍ സഭാ ഭൂമിയിടപാടിനെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. അതിരൂപതയുടെ കടം വീട്ടുന്നതിനായി എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് സംഭാവന ചെയ്യണമെന്ന് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചിരുന്നു. ഈ നിര്‍ദേശം ഭൂമി ഇടപാട് പ്രശ്നം ഒരിക്കലും അവസാനിക്കാതിരിക്കാനും അതുവഴി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാനുമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഭൂമി ഇടപാടിനെ തുടര്‍ന്ന് ഇടനിലക്കാരനായി സാജു വര്‍ഗീസ് കോടികളാണ് സഭയ്ക്ക് നല്‍കാനുള്ളത്. ഇത് ലഭിക്കാതെ വന്നപ്പോള്‍ സാജുവിന്റെ പേരില്‍ കോട്ടപ്പടിയിലുള്ള ഭൂമി സഭ ഈടായി വാങ്ങിയിരുന്നു. ഉടന്‍ തന്നെ ഈ ഭൂമി വിറ്റ് സഭയുടെ കടങ്ങള്‍ തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും മുതിര്‍ന്ന വൈദികര്‍ സിനഡിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.
നേരത്തെ അങ്കമാലി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സീറോ മലബാര്‍സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ആലഞ്ചേരി പങ്കെടുക്കുന്ന യോഗങ്ങള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനമായിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഇടപെട്ട ഭൂമിയിടപാട് കേസില്‍ അന്തിമപരിഹാരമാകുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്നാണ് വൈദികരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.
WATCH THIS VIDEO: