Football
ജപ്പാന്റെ ചെണ്ടകള്‍ തകര്‍ത്തുവിട്ടത് ലോകചാമ്പ്യന്‍മാരെ; പുതിയ കോച്ചിന് കീഴില്‍ ജര്‍മനിക്ക് ആദ്യ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 13, 06:21 am
Wednesday, 13th September 2023, 11:51 am

സൗഹൃദ മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ജർമൻ ടീം വിജയവഴിയിൽ തിരിച്ചെത്തി. പുതിയ പരിശീലകന്റെ കീഴിലുള്ള ആദ്യ മത്സരത്തിൽ തന്നെ ജർമനി വിജയം സ്വന്തമാക്കുകയായിരുന്നു.

ബൊറൂസിയ ഡോർട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്നൽ ഇടുന പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ നാലാം മിനിറ്റിലാണ് ജർമനിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ തോമസ് മുള്ളറിലൂടെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. പോസ്റ്റിന്റെ ഇടതുമൂലയിൽ നിന്നും സെർജിയോ നാബ്രിയുടെ കാലിൽ നിന്നും പന്ത് സ്വീകരിച്ച മുള്ളർ അനായാസമായി ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജർമനി 1-0 ത്തിന് മുന്നിട്ട് നിന്നു.

മത്സരത്തിന്റെ 87ാം മിനുട്ടിൽ കൈ ഹവെർട്സിൽ നിന്നും പാസ് സ്വീകരിച്ച സനെ സുന്ദരമായ ഫിനിഷിങിലൂടെ ജർമനിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് മിനുട്ടുകൾക്ക് ശേഷം ഫ്രാൻസിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി അന്റോണിയോ ഗ്രീസ്മാൻ സ്കോർ 2 -1 ആക്കുകയും ചെയ്തു. ഫൈനൽ വിസിൽ വരെ സമനില ഗോളിന് വേണ്ടി പോരാടിയ ഫ്രാൻസിന് ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല.

പരിക്ക് മൂലം സൂപ്പർ താരം കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ മുന്നേറ്റ നിരയിൽ കളിക്കാതിരുന്നത് ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

കഴിഞ്ഞ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജർമനിയെ തോൽപ്പിച്ചിരുന്നു ഇതിനുപിന്നാലെ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ പരിശീലകസ്ഥാനത്ത്‌ നിന്നും നീക്കം ചെയ്തിരുന്നു. ടീമിന്റെ താൽക്കാലിക പരിശീലകസ്ഥാനം ഏറ്റെടുത്ത റോഡിവോളറുടെ കീഴിലുള്ള ആദ്യ മത്സരത്തിൽ തന്നെ ജർമനി വിജയിക്കുകയായിരുന്നു.

2024 യൂറോ കപ്പ് സ്വന്തം മണ്ണിൽ നടക്കുമ്പോൾ ജർമനിക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നേ മതിയാവൂ . ഈ വിജയം ടീമിനും ആരാധകർക്കും പുതിയ ഊർജമാണ് നൽകുന്നത്.

ഒക്ടോബർ 18ന് യു.എസ്.എക്കെതിരെയും 18ന് മെക്സിക്കോക്കെതിരെയുമാണ് ജർമനിയുടെ വരാനിരിക്കുന്ന മത്സരങ്ങൾ.

Content Highlight: Germany beat France 2-1 in friendly match