ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. കഴിഞ്ഞ ദിവസവും നടന്ന മത്സരത്തില്‍ ഇപ്‌സ്വിച്ച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പെപ് ഗ്വാര്‍ഡിയോളയും കൂട്ടരും. മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സിറ്റിയുടെ ശക്തമായ തിരിച്ചുവരവ്.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ട് ഹാട്രിക് നേടി മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ ചെല്‍സിക്കെതിരെയുള്ള തന്റെ ഗോളടിമികവ് രണ്ടാം മത്സരത്തിലും തുടരുകയായിരുന്നു ഹാലണ്ട്. മത്സരത്തില്‍ 12, 16, 88 എന്നീ മിനിട്ടുകളിലാണ് നോര്‍വീജിയന്‍ താരത്തിന്റെ മൂന്ന് ഗോളുകള്‍ പിറന്നത്.
ഈ ഹാട്രിക്കിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും ഹാലണ്ട് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഓവര്‍സീസ് പ്ലെയര്‍ എന്ന നേട്ടമാണ് ഹാലണ്ട് സ്വന്തമാക്കിയത്.
ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഇതിനോടകം തന്നെ ഏഴ് ഹാട്രിക്കുകളാണ് നോര്‍വീജിയന്‍ സൂപ്പര്‍താരം നേടിയിട്ടുള്ളത്. 68 മത്സരങ്ങളില്‍ നിന്നുമാണ് താരം ഇത്രയധികം ഹാട്രിക് നേടിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് മുന്‍ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോയാണ്. 13 ഹാട്രിക്കുകളാണ് അഗ്യൂറോ ഇ.പി.എല്ലില്‍ നേടിയത്. 275 മത്സരങ്ങളില്‍ നിന്നുമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 258 മത്സരങ്ങളില്‍ നിന്നും എട്ട് ഹാട്രിക്കുകള്‍ നേടിയ മുന്‍ ഫ്രഞ്ച് താരം തിയറി ഒന്റിയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
വരും മത്സരങ്ങളില്‍ കൂടുതല്‍ ഹാട്രിക്കുകള്‍ ഹാലണ്ട് നേടിയാല്‍ കുറഞ്ഞ മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന ഓവര്‍സീസ് താരമായി മാറാനും നോര്‍വീജിയന്‍ സൂപ്പര്‍താരത്തിന് സാധിക്കും.
അതേസമയം മത്സരത്തില്‍ ഏഴാം മിനിട്ടില്‍ തന്നെ സാമി എസ്മോഡിക്‌സിലൂടെ ഇപ്‌സ്വിച്ച് ടൗണാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ഹാലണ്ടിന്റെ ഹാട്രിക്കും ബെല്‍ജിയന്‍ സൂപ്പര്‍താരം കെവിന്‍ ഡി ബ്രൂയ്‌നിന്റെ ഗോളും വന്നതോടെ മാഞ്ചസ്റ്റര്‍ സിറ്റി അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
FULL-TIME | It’s so good to be back home! 🏡🩵
🩵 4-1 🚜 #ManCity | @okx pic.twitter.com/gbiMQoBV0f
— Manchester City (@ManCity) August 24, 2024
മത്സരത്തില്‍ 76 ശതമാനം ബോൾ പൊസഷനും പെപ്പിന്റെയും കൂട്ടരുടെയും അടുത്തായിരുന്നു. 14 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ ഉതിര്‍ത്തത്. ഇതില്‍ അഞ്ചു ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. എന്നാൽ ഒരു ഷോട്ട് മാത്രമേ സന്ദര്‍ശകര്‍ക്ക് സിറ്റിയുടെ പോസ്റ്റിലേക്ക് എത്തിക്കാന്‍ സാധിച്ചത്.
നിലവില്‍ ഇ.പി.എല്ലില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഓഗസ്റ്റ് 31ന് വെസ്റ്റ് ഹാമിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. വെസ്റ്റ് ഹാമിന്റെ തട്ടകമായ ലണ്ടന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Erling Haland Score A Hatric In EPL