ഒറ്റ ഗോളിൽ അടിച്ചുകയറിയത് മെസി ഒന്നാമനായ ലിസ്റ്റിലേക്ക്; ചരിത്രമെഴുതി സൂപ്പർതാരം
Cricket
ഒറ്റ ഗോളിൽ അടിച്ചുകയറിയത് മെസി ഒന്നാമനായ ലിസ്റ്റിലേക്ക്; ചരിത്രമെഴുതി സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 1:39 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി നോര്‍വീജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് ഗോള്‍ നേടിയിരുന്നു. ഈ ഗോളിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 100 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കും നോര്‍വീജിയന്‍ താരം നടന്നു കയറിയിരുന്നു. 105 മത്സരങ്ങളില്‍ നിന്നുമാണ് ഹാലണ്ട് ഈ നേട്ടത്തിലെത്തിയത്.

ഇതിനുപുറമേ മറ്റൊരു നേട്ടവും ഹാലണ്ട് സ്വന്തം പേരില്‍ കുറിച്ചു. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് ഹാലണ്ട് കൈപ്പിടിയിലാക്കിയത്. ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ്. 211 ഗോളുകളാണ് മെസി ഗ്വാര്‍ഡിയോളയുടെ കീഴില്‍ അടിച്ചുകൂട്ടിയത്.

മുന്‍ അര്‍ജന്റീന താരമായ സെര്‍ജിയോ അഗ്യൂറോയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുഉള്ളത്. പെപ്പിന്റെ കീഴില്‍ 124 തവണയാണ് അഗ്യൂറോ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. 120 ഗോളുകള്‍ നേടിയ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ്ങാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.

അതേസമയം മത്സരത്തില്‍ ഹാലണ്ടിന്റെ ഗോളില്‍ മുന്നിലെത്തിയ സിറ്റിക്കെതിരെ ആദ്യപകുതിയിൽ തന്നെ ഗണ്ണേഴ്സ് റിക്കാര്‍ഡോ കാലഫിയോറി, ഗബ്രിയേല്‍ മഗല്‍ഹേസ് എന്നിവരിലൂടെ തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പീരങ്കിപ്പട വിജയം ഉറപ്പിച്ച നിമിഷത്തില്‍ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ജോണ്‍ സ്റ്റോണ്‍സിലൂടെ സമനില നേടിയത്.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിജയവും ഒരു സമനിലയുമായി എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായി നാലാം സ്ഥാനത്താണ് ആഴ്‌സണല്‍.

ഇ.എഫ്.എല്‍ കപ്പില്‍ സെപ്റ്റംബര്‍ 25ന് നടക്കുന്ന മത്സരത്തില്‍ വാറ്റ്‌ഫോഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 26ന് നടക്കുന്ന മത്സരത്തില്‍ പീരങ്കിപ്പട ബോള്‍ട്ടണിനെയും നേരിടും.

 

Content Highlight: Erling Haland Record Achievement For Manchester City