ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയകുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മത്സരം തുടങ്ങി നിമിഷങ്ങള്‍ തന്നെ യോനെ വിസ്സയിലൂടെ ബ്രെന്റ്‌ഫോര്‍ട്ടാണ് ആദ്യം ലീഡ് നേടിയത്.
എന്നാല്‍ പിന്നീട് 19, 32 എന്നീ മിനിട്ടുകളിലൂടെ ഹാലണ്ട് രണ്ട് ഗോളുകള്‍ നേടികൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയത്തിലെത്തിക്കുകയായിരുന്നു.
മത്സരത്തിൽ നേടിയ രണ്ടു ഗോളുകള്‍ക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും നോര്‍വിജിയന്‍ സൂപ്പര്‍താരം സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യത്തെ നാല് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഹാലണ്ട് കൈപ്പിടിയിലാക്കിയത്.
ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളാണ് ഹാലണ്ട് നേടിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഇതിഹാസം വെയ്ന്‍ റൂണിയായിരുന്നു.
2011-12 സീസണില്‍ റൂണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളായിരുന്നു നേടിയിരുന്നത്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൂണിയുടെ ഈ റെക്കോഡ് തകര്‍ക്കപ്പെടുന്നതെന്ന് ഏറെ ശ്രദ്ധേയമാണ്.
ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് സ്പാനിഷ് താരം ഡിയേഗോ കോസ്റ്റയാണ്. 2014-15 സീസണില്‍ ചെല്‍സിക്ക് വേണ്ടി ആദ്യ നാല് മത്സ്യങ്ങളില്‍ നിന്നും ഏഴ് ഗോളുകളാണ് താരം നേടിയത്.
അതേസമയം ഈ തകര്‍പ്പന്‍ വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലു മത്സരങ്ങളും വിജയിച്ചു കൊണ്ട് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെപ്റ്റംബര്‍ 19ന് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാ എതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Erling Haland Great Record in English Premiere League