ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡാണ് പെപ് ഗ്വാര്‍ഡിയോളയെയും കൂട്ടരെയും സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.
മത്സരത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിന് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഈ സീസണില്‍ ഇ.പി.എല്ലില്‍ ഇതാദ്യമായാണ് ഹാലണ്ട് ഗോള്‍ നേടാതെ പോവുന്നത്.
ഇതോടെ ഒരു സ്വപ്നതുല്യമായ നേട്ടം കൂടിയാണ് നോര്‍വീജിയന്‍ സൂപ്പര്‍താരത്തിന് നഷ്ടമായത്. ന്യൂകാസില്‍ യൂണൈറ്റഡിനെതിരെ ഗോള്‍ നേടാന്‍ സാധിച്ചിരുന്നുവെങ്കില്‍ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ ആറ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ഹാലണ്ടിന് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.
ഇപ്പോഴും മറ്റൊരു താരത്തിനും എത്തിപ്പിടിക്കാന്‍ സാധിക്കാതെ ഈ നേട്ടത്തില്‍ ഒന്നാമതായി തുടരുന്നത് മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരമായ സെര്‍ജിയോ അഗ്യൂറോയാണ്. 2019-20 സീസണിലായിരുന്നു അഗ്യൂറോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളിലും സിറ്റിക്കായി ഗോളടിച്ചു കൊണ്ട് റെക്കോഡിട്ടത്.
അതേസമയം ന്യൂകാസിലിന്റെ തട്ടകമായ സെയ്ന്റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ 35ാം മിനിട്ടില്‍ ജോസകൊ ഗ്വാര്‍ഡിയോളിന്റെ ഗോളില്‍ സന്ദര്‍ശകരാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 58ാം മിനിട്ടില്‍ ആന്റണി ഗോര്‍ഡനിലൂടെ ന്യൂകാസില്‍ തിരിച്ചടിക്കുകയായിരുന്നു.
FULL-TIME | A draw on the road 🤝
🏰 1-1 🩵 #ManCity | @okx pic.twitter.com/7BUL1SPcSu
— Manchester City (@ManCity) September 28, 2024
നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് ജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനത്താണ് പെപ്പും കൂട്ടരും. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ന്യൂകാസില്‍.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ രണ്ടിന് സ്ലോവന്‍ ബ്രാറ്റിസ്ലാവക്കെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന ഇ.എഫ്.എല്‍ കപ്പില്‍ എ.എഫ്.സി വിംബിള്‍ഡണിനെതിരെയാണ് ന്യൂകാസിലിന്റെ അടുത്ത മത്സരം.
Content Highlight: Erling Haland Failed to Score First Time in New Season of EPL