കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ വെച്ച് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹലണ്ടിനെയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെയും മറികടന്നായിരുന്നു മെസി അവാര്‍ഡ് നേടിയത്. ഇപ്പോഴിതാ ലയണല്‍ മെസിയെ അഭിനന്ദിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് ഏര്‍ലിങ് ഹാലണ്ട്.
നോര്‍വീജിയന്‍ സ്ട്രൈക്കര്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. മെസി ഗോള്‍ഡന്‍ ബൗള്‍ പുരസ്‌കാരം പിടിച്ചുനില്‍ക്കുന്ന ചിത്രം സ്റ്റോറി ആക്കുകയായിരുന്നു ഹാലണ്ട്. ‘ഫെലിസിറ്റാസിയോണ്‍സ് മെസി’ എന്നായിരുന്നു ചിത്രത്തിന്റെ അടിയില്‍ എഴുതിയിരുന്ന ക്യാപ്ഷന്‍.
ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള പോരാട്ടത്തില്‍ മെസിക്ക് ശക്തമായ ഒരു എതിരാളിയായിരുന്നു ഹാലണ്ട്.
ഹാലണ്ടിന് അവിസ്മരണീയമായ ഒരു സീസണായിരുന്നു ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഉണ്ടായിരുന്നത്. സിറ്റിക്കായി 52 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും ഹാലണ്ട് നേടി. ക്ലബ്ബിനൊപ്പം ട്രബിള്‍ കിരീടനേട്ടത്തിലും താരം പങ്കാളിയായി.
അതേസമയം അര്‍ജന്റീന ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ലോകകപ്പിന്റെ വലിയ വേദിയില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഗോള്‍ഡന്‍ ബൗള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.
ഫ്രഞ്ച് വമ്പന്‍മാരായ പാരി സെന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ കിരീടനേട്ടത്തിലും ടീമിനായി 20 ഗോളുകളും 21 അസിസ്റ്റുകളും നേടിക്കൊണ്ട് മികച്ച പ്രകടനം നടത്താനും മെസിക്ക് സാധിച്ചതാണ് എട്ടാം തവണയും ലയണല്‍ മെസിയെ ഈ അവിസ്മരണീയ അവാര്‍ഡിന് അര്‍ഹനാക്കിയത്.
Content Highlight: Erling Haland appreciate ballon d or winner Lionel Messi.