| Tuesday, 21st March 2023, 6:52 pm

യുവേഫ യൂറോ ക്വാളിഫയേഴ്‌സില്‍ നോര്‍വീജന്‍ 'ഗോളടിയന്ത്രം' മത്സരിക്കില്ല; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

യൂവേഫാ യൂറോ 2023ലേക്കുള്ള നോര്‍വേയുടെ ക്വാളിഫയര്‍ മത്സരങ്ങള്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ പിടിയിലായതിനാല്‍ ഹാലണ്ട് സ്‌പെയ്‌നിനും ജോര്‍ജിയക്കും എതിരെയുള്ള മത്സരങ്ങളില്‍ നിന്ന് പുറത്തായിരിക്കുമെന്ന് നോര്‍വീജന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിക്കുകയായിരുന്നു.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാലണ്ടിന്മേല്‍ വലിയ പ്രതീക്ഷയാണ് നോര്‍വീജന്‍ ദേശീയ ടീമിനുള്ളത്. കഴിഞ്ഞ ദിവസം എഫ്.എ കപ്പില്‍ ബേണ്‍ലിക്കെതിരെ നടന്ന മത്സരത്തിലും അതിന് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ ആര്‍.ബി ലീപ്സിഗിനെതിരെയും മികച്ച പ്രകടനം നടത്തി താരം കയ്യടി നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഹാട്രിക്കുകളാണ് താരം അടിച്ചുകൂട്ടിയത്.

ഈ സീസണില്‍ മാത്രം ആറ് ഹാട്രിക്കുകള്‍ അടക്കം 42 ഗോളുകളാണ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റി കുപ്പായത്തില്‍ നേടിയത്. താരത്തിന്റെ പരിക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്കും തിരിച്ചടിയായിരിക്കുകയാണ്. സിറ്റിസണ്‍സിനൊപ്പം തുടര്‍ച്ചയായ മൂന്നാം ലീഗ് കിരീടം നേടാനുള്ള പെപ് ഗാര്‍ഡിയോളയുടെ പ്രതീക്ഷയില്‍ പ്രധാനിയാണ് ഈ 22കാരന്‍. സിറ്റിക്കായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തുന്നതിന് ഹാലണ്ടിന്റെ പങ്ക് നിര്‍ണായകരമായിരിക്കും.

Content Highlights: Erling Haaland will miss International duty for Norway due to a groin injury

We use cookies to give you the best possible experience. Learn more